സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: പ്രതിപക്ഷ നേതാവ് ഗവര്‍ണറെക്കണ്ടു

August 26, 2020 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ സെക്രട്ടറിയേറ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണ്. സ്വര്‍ണക്കടത്ത് കേസിന്റെ നാള്‍വഴികള്‍ നശിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിലെ തീപ്പിടിത്തമുണ്ടായിരിക്കുന്നത്. കേരളത്തിലെ സെക്രട്ടറിയേറ്റില്‍ പോലും ഫയലുകള്‍ സുരക്ഷിതമല്ല, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളും ബന്ധപ്പെട്ട ഫയലുകളും കാണാതെ പോയത് ദുരൂഹമാണ്. ഈ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകുന്നത് ആശാസ്യകരമാണോ. ഇക്കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ഒന്നും പറയാറില്ല. ഇന്നലെ നിയമസഭക്കുളളില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഇഡിയും എന്‍.ഐ.എയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നുവരാന്‍ പോകുന്നത് കണ്ടുകൊണ്ടാണ് ഫയലുകള്‍ നശിപ്പിച്ചിരിക്കുന്നത്. ഇത് നീതിപൂര്‍വമാണോ, മന്ത്രിസഭയ്ക്ക് ഫയലുകള്‍ നശിപ്പിക്കാന്‍ കഴിയുമോ എന്നീകാര്യങ്ങളും സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചും പ്രതിപക്ഷം ഗവര്‍ണറോട് സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.