
വിമാനങ്ങളില്‍ ഭക്ഷണവിതരണത്തിന് അനുമതി; മാസ്‌ക് ഇല്ലെങ്കില്‍ വിലക്ക്
August 28, 2020ന്യൂഡല്‍ഹി; ആഭ്യന്തര വിമാനങ്ങളില്‍ മുന്‍കൂട്ടി പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്യാനും അന്താരാഷ്ട്ര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കി. മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്തവരെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച വിമാന സര്‍വീസ് മെയ് 25ന് പുനഃരാരംഭിച്ചെങ്കിലും ഭക്ഷണവിതരണത്തിന് അനുമതിയുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാനങ്ങളില്‍ വിമാനയാത്രയുടെ ദൈര്‍ഘ്യം കണക്കാക്കി നിയന്ത്രിത അളവില്‍ മുന്‍കൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണം മാത്രം നല്‍കാനാണ് അനുമതിയുണ്ടായിരുന്നത്. ഒറ്റ തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ട്രേകള്‍, പ്ലേറ്റുകള്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്പോഴും ക്രൂ അംഗങ്ങള്‍ നിര്‍ബന്ധമായി കയ്യുറ ധരിച്ചിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. വിനോദത്തിന് യാത്രികര്‍ക്ക് അണുവിമുക്തമാക്കിയ ഹെഡ്‌ഫോണുകളോ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇയര്‍ഫോണുകളോ നല്‍കണമെന്നും വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു.