കര്‍ണാടക: രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരൊഴികെ എല്ലാവരും സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരൊഴികെ 200 എം എല്‍ എമാരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ബി.എസ് യെദിയുരപ്പ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ബി.ജെ.പി, കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിലെ ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് സത്യപ്രതിജ്ഞാചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. നിയമസഭാംഗങ്ങള്‍ വന്ദേമാതരം ചൊല്ലിയാണ് സഭാ നടപടികള്‍ ആരംഭിച്ചത്.

പ്രൊടെം സ്പീക്കര്‍ കെ.ജി ബൊപ്പയ്യ സഭാധ്യക്ഷ സ്ഥാനത്തിരുന്ന് നടപടികള്‍ നിയന്ത്രിച്ചു. സിദ്ധരാമയ്യ, രാമലിംഗ റെഡ്ഢി തുടങ്ങി കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പി എം.എല്‍.എമാരും വിധാന്‍ സൗധയില്‍ ഹാജരായിട്ടുണ്ട്. നിയമസഭക്ക് മുന്നില്‍ ശക്തമായ പോലീസ് കാവലുണ്ട്. സമാധാനപരമായി വിശ്വാസവോട്ട് നടത്താന്‍ കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ 200 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ നിയമസഭാ പരിസരത്തേക്ക് പോലും കടത്തിവിടാതിരിക്കാന്‍ വേണ്ട എല്ലാ നടപടികളും പോലീസ് കൈകൊണ്ടിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന എം.എല്‍.എ ആനന്ദ് സിങ് വൈകീട്ട് നാലിന് വിശ്വാസവോട്ടിന് പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ തങ്ങളോടൊപ്പമില്ല. എന്നാല്‍ നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. നാലിന് വിശ്വാസവോട്ടില്‍ കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യത്തിന് വോട്ടുചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് രാഗലിംഗ റെഡ്ഢി പറഞ്ഞു. അതേസമയം രണ്ട് ജെ.ഡി.എസ് എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നതായി എച്ച്.ഡി കുമാരസ്വാമി സ്ഥീരീകരിച്ചു.

നിയമസഭയില്‍ വിശ്വാസവോട്ട് നേടുമെന്നതില്‍ നൂറു ശതമാനം ഉറപ്പെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രതികരിച്ചു. നാലുമണിക്ക് ശേഷം ആഘോഷിക്കാന്‍ തയാറെടുക്കാന്‍ പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ജെ ഡി എസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *