അഞ്ച് മണിക്കുള്ള ആഹ്ലാദ പ്രകടനത്തിനു പകരം മൂന്ന് തവണ മുഖ്യമന്ത്രിയായി രാജിവക്കേണ്ടി വന്ന യെദ്യൂരപ്പയുടെ വിലാപയാത്രയാകുമോ?

ബെംഗളൂരു: സഭയില്‍ വിശ്വാസം തെളിയിക്കുമെന്നും അതിനു ശേഷം അഞ്ച് മണിക്ക് ആഹ്ലാദ പ്രകടനം നടത്തുമെന്നുമായിരുന്നു ഇന്ന് രാവിലെ വരെ യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ആ വാക്ക്…

ബെംഗളൂരു: സഭയില്‍ വിശ്വാസം തെളിയിക്കുമെന്നും അതിനു ശേഷം അഞ്ച് മണിക്ക് ആഹ്ലാദ പ്രകടനം നടത്തുമെന്നുമായിരുന്നു ഇന്ന് രാവിലെ വരെ യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ആ വാക്ക് പാലിക്കാന്‍ യെദ്യൂരപ്പയ്ക്കായില്ല. ജനാധിപത്യ ഇന്ത്യയ്ക്കു മുന്നില്‍ അദ്ദേഹം അടിയറവ് പറയുന്നതിന് മുമ്പ് രാജിവെച്ചു പിന്‍വാങ്ങുകയായിരുന്നു.

പൊതുവെ പറഞ്ഞതെല്ലാം നടത്തി കാണിച്ചേ യെദ്യൂരപ്പയ്ക്ക് ശീലമുള്ളൂ. തൂക്കുസഭയാകും രൂപപ്പെടുകയെന്ന എക്‌സിറ്റ്‌പോള്‍ ഫലം പോലും തള്ളിക്കളഞ്ഞ് താന്‍ മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തന്നെയായിരുന്നു വോട്ടെണ്ണലിന് ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ യെദ്യൂരപ്പ പ്രഖ്യാപിച്ചത്. യെദ്യൂരപ്പയുടെ ഈ പ്രഖ്യാപനത്തെ സ്വപ്നം കാണലെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ വരെ വിശേഷിച്ചത്. എന്നാല്‍ പറഞ്ഞത് പാഴ്‌വാക്കായില്ല. ഗവര്‍ണ്ണറുടെ വിവേചനാധികാരത്തെ ദുരുപയോഗപ്പെടുത്തി മെയ് 17ന് തന്നെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശ വാദം ഉന്നയിച്ചാണ് യെദ്യൂരപ്പ അധികാരത്തിലേറിയത്. ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യത്തിന് കഴിയുമെന്നിരിക്കെയായിരുന്നു ഗവര്‍ണ്ണറുടെ പക്ഷപാതപരമായ ഇടപെടലിലൂടെ യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രി പദം നിലനിര്‍ത്താനാവുമെന്ന ആത്മവിശ്വാസമാണ് വിശ്വാസവോട്ടടെുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിനു ശേഷവും യെദ്യൂരപ്പ പുലര്‍ത്തിയിരുന്നത്. പക്ഷെ വെറും 55 മണിക്കൂര്‍ മാത്രമിരുന്ന് വിശ്വാസവോട്ടടെുപ്പിന് മിനുട്ടുകള്‍ ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. ടേം പൂര്‍ത്തിയാക്കാതെ മൂന്നാം തവണയാണ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെക്കുന്നത്.

2007ല്‍ ജനതാദളിലെ കുമാരസ്വാമിക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് യെദ്യൂരപ്പ അധികാരത്തിലേക്കെത്തുന്നത്. തുടര്‍ന്നദ്ദേഹം ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി. ഉപമുഖ്യമന്ത്രിയായി. എന്നാല്‍, അന്നുണ്ടാക്കിയ ധാരണപ്രകാരം 20 മാസത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം മാറാമെന്ന ഉറപ്പ് കുമാരസ്വാമി പാലിച്ചില്ല. തുടര്‍ന്ന് എട്ടുദിവസം മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് രാജിവെക്കേണ്ടിവന്നു. 2008ല്‍ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും 13 അംഗങ്ങളുടെ കുറവുണ്ടായിരുന്നു. ഓപ്പറേഷന്‍ താമരയിലൂടെ സ്വതന്ത്രരെയും പ്രതിപക്ഷ എം.എല്‍എ.മാരെയും പാട്ടിലാക്കിയാണ് യെദ്യൂരപ്പ അധികാരം ഉറപ്പിച്ചത്.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ആദ്യമായി താമര വിരിയിച്ചത് ബി. എസ്. യെദ്യൂരപ്പയിലൂടെയായിരുന്നു. കര്‍ണാടകത്തില്‍ അന്നുവരെയുണ്ടായിരുന്ന ജനതാദളിന്റെയും, കോണ്‍ഗ്രസിന്റെയും അപ്രമാദിത്വത്തെ തകര്‍ത്തെറിയാന്‍ ബി.ജെ.പിയെ സഹായിച്ചത് യെദ്യൂരപ്പയുടെ ചാണക്യ തന്ത്രങ്ങളായിരുന്നു. ഒരുവട്ടം കൂടി പാര്‍ട്ടി യെദ്യൂരപ്പക്ക് സംസ്ഥാന ബി.ജെ.പിയുടെ ചുമതല കൈമാറിയത് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story