തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കാന്തപുരം

പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച്‌ പഴയ നിലപാട് ആവര്‍ത്തിച്ച മുഖ്യമന്ത്രിക്കെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‍ലിം ജമാഅത്ത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് കാന്തപുരം…

പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച്‌ പഴയ നിലപാട് ആവര്‍ത്തിച്ച മുഖ്യമന്ത്രിക്കെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‍ലിം ജമാഅത്ത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്‍ലിം ജമാഅത്ത് പ്രസ്താവന പുറപ്പെടുവിച്ചു. മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും എന്നും മുസ്‍ലിം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞു.

തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും സര്‍വ്വാദരണീയവുമാണ്. പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

വിശ്വസിക്കാനും അവിശ്വസിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്‍ അനാദരിക്കപ്പെടരുത്. അപ്പോള്‍ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടുകള്‍ക്ക് പകരം വിവേകപരമായ സമീപനരീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്ന് മുസ്‌ലിം ജമാഅത്ത് പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ യോഗത്തില്‍ കെ.പി അബൂബക്കര്‍ മൗലവി പട്ടുവം, പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദ്, സി.പി മൂസ ഹാജി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സിദ്ദീഖ് ഹാജി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, പ്രൊഫ. യു.സി അബ്ദുല്‍ മജീദ്, സൈഫുദ്ദീന്‍ ഹാജി, സി.പി സെയ്തലവി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story