കോവിഡ്: ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കണമെന്ന് ജീവനക്കാര്‍

കോവിഡ്: ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കണമെന്ന് ജീവനക്കാര്‍

October 5, 2020 0 By Editor

കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണം വേണമെന്ന ആവശ്യവുമായി ബാങ്ക് ജീവനക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നു.സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് നല്‍കിയ കത്തില്‍ ആറ് ആവശ്യങ്ങളാണ് പ്രധാനമായും ജീവനക്കാരുടെ സംഘടന മുന്നോട്ടുവയ്ക്കുന്നത്. ആശങ്കാജനകമായ സാഹചര്യത്തില്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ നിയന്ത്രണം വേണമെന്നാണ് പ്രധാന ആവശ്യം. ദുരന്തനിവാരണ അതോറിറ്റിയുടെ കര്‍ശന നിബന്ധനകള്‍ ബാങ്കുകളിലും ബാധകമാക്കണം. ഇതുവരെ അറുന്നൂറോളം ബാങ്ക് ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു. സംസ്ഥാനത്ത് രണ്ടു ബാങ്ക് ജീവനക്കാരുടെ മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇടപാടുകള്‍ക്കായി എത്തുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ നിരീക്ഷണത്തില്‍പോയി. പല ബ്രാഞ്ചുകളും അടച്ചിടേണ്ട അവസ്ഥയുണ്ടായി. ഇത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമായതിന്റെ സൂചനയായി കാണണം എന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

ഒക്ടോബര്‍ മാസത്തില്‍ ഇനിയുള്ള പതിനെട്ടോളം പ്രവര്‍ത്തനങ്ങളില്‍ വേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ജീവനക്കാരുടെ സംഘടന സമര്‍പ്പിച്ചു. അടിയന്തര ഇടപാടുകള്‍ക്കു മാത്രമേ പൊതുജനം ബാങ്കുകളില്‍ എത്താവു എന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഫോണ്‍ മുഖേനയാക്കണം. അക്കൗണ്ട് നമ്ബര്‍ അനുസരിച്ച്‌ ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ എത്താന്‍ അവസരമൊരുക്കണമെന്നാണ് മറ്റൊരാവശ്യം. ടോക്കണ്‍ സിസ്റ്റവും ക്യൂവും കര്‍ശനമാക്കണം. ബാങ്കുകളില്‍ തിരക്കു നിയന്ത്രിക്കുന്നതിന് പോലീസിന്‍റെ സഹായം അനിവാര്യമാണെന്ന് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെ കൊണ്ടുമാത്രം ബാങ്കുകള്‍ക്ക് പുറത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ല. നിക്ഷേപങ്ങള്‍ക്കും പണം പിന്‍വലിക്കുന്നതിനും മാത്രമേ ബാങ്കില്‍ വരാവൂ എന്നത് കര്‍ശനമാക്കണം. മറ്റാവശ്യങ്ങള്‍ തല്‍ക്കാലം മാറ്റി വയ്ക്കണം.

 ബാങ്കുകളുടെ പ്രവര്‍ത്തന സമയം പത്തുമുതല്‍ രണ്ടു വരെ ആക്കണം. സംസ്ഥാനത്തുടനീളമുള്ള ബാങ്കുകള്‍ സമയക്രമം ഇങ്ങനെ ക്രമീകരിക്കണമെന്നാണ് കത്തിലുള്ളത്. 50 ശതമാനം ജീവനക്കാര്‍ മാത്രം ബാങ്കില്‍ എത്തിയാല്‍ മതി. നിലവിലെ ഗുരുതര സാഹചര്യം നേരിടാന്‍ ഈ തീരുമാനം അടിയന്തരമായി കൈക്കൊള്ളണം. വൈകല്യങ്ങളുള്ള ജീവനക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഇളവുകള്‍ നല്‍കണം. ഇത്തരക്കാര്‍ക്ക് സ്പെഷ്യല്‍ ലീവ് അനുവദിക്കണമെന്നാണ് ആവശ്യം.
ഓഫീസിന് പുറത്ത് ബിസിനസ്സിനായി ഉപഭോക്താക്കളെ നേരില്‍ കാണാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുത്. ലോണ്‍ നല്‍കാനുള്ള പ്രചരണങ്ങളും മറ്റു പരിപാടികളും ഈ ഘട്ടത്തില്‍ ഒഴിവാക്കണം. സംഘടനാ ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍ കൈമാറിയ കത്തിലാണ് ഈ ആവശ്യങ്ങള്‍ .