സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ആറ് തവണ പിണറായിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇഡി

സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ആറ് തവണ പിണറായിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇഡി

October 7, 2020 0 By Editor

കൊച്ചി : സ്വപ്‌ന സുരേഷിനെ സ്‌പേയ്‌സ് പാര്‍ക്കില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ആറ് തവണ മുഖ്യമന്ത്രി സ്വപ്‌ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌ന സുരേഷിന് ചാര്‍ട്ടഡ് അക്കൗണ്ടിനെ പരിചയപ്പെടുത്തിയതും ബാങ്ക് ലോക്കര്‍ എടുത്ത് നല്‍കിയതിന് പിന്നിലും ശിവശങ്കറിന് പങ്കുണ്ട്. പ്രതികള്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്വപ്‌ന നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന് അടുത്ത ബന്ധമുള്ളതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകളുണ്ട്. ഇടപാടുകള്‍ സംബന്ധിച്ച്‌ ശിവശങ്കര്‍ സ്വപ്നയുമായും ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായും നടത്തിയ വാട്‌സാപ് സന്ദേശങ്ങളുടെ ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

സ്വപ്നയ്ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തി നല്‍കിയത് എം. ശിവശങ്കറാണ്. ലോക്കര്‍ എടുക്കുന്നതിന് പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്ന സമീപിക്കുമ്പോള്‍ ഒപ്പം ശിവശങ്കറുമുണ്ടായിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നു. എന്നാല്‍ സ്വപ്ന സുരേഷുമായി നടത്തിയിട്ടുള്ള വാട്‌സാപ് സന്ദേശങ്ങളെക്കുറിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ ശിവശങ്കറിനോട് ചോദിച്ചിരുന്നെങ്കിലും ഓര്‍മ്മയില്ലെന്ന മറുപടിയാണ് നല്‍കിയത്. അതിനാല്‍ ശിവശങ്കറിനെതിരെ അന്വേഷണ സംഘം നടപടി കര്‍ശ്ശനമാക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷം ശിവശങ്കറിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.