പ്രളയഫണ്ടില്‍ നിന്ന് പോലും കമ്മീഷന്‍ അടിച്ചത് സങ്കടകരം-കെ.സുരേന്ദ്രന്‍

പ്രളയഫണ്ടില്‍ നിന്ന് പോലും കമ്മീഷന്‍ അടിച്ചത് സങ്കടകരം-കെ.സുരേന്ദ്രന്‍

October 12, 2020 1 By Editor

തിരുവനന്തപുരം:   കള്ളക്കടത്ത് സംഘത്തിന് പണം സമാഹരിക്കാന്‍ സഹായങ്ങള്‍ പ്രളയത്തിന്റെ മറവില്‍ എങ്ങനെ ലഭിച്ചൂവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും ഗള്‍ഫ് സന്ദര്‍ശനത്തിന് ശേഷം ധനസഹായം വലിയ രീതിയില്‍ ഒഴുകിയിട്ടുണ്ടെന്നും അതില്‍ നിന്നും കമ്മീഷന്‍ പോയെന്നും നേരത്തെ തന്നെ ബി.ജെ.പി പറഞ്ഞതാണ്. ആ നിലയിലേക്കാണ് ഇപ്പോള്‍ അന്വേഷണം  പോകുന്നതെന്നും കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  സ്വര്‍ണക്കള്ളക്കടത്തിലൂടെ  ലഭിച്ച അഴിമതി പണവും ലൈഫ് മിഷന്‍ കമ്മീഷനും പ്രളയ ഫണ്ടുമെല്ലാം ഡോളറാക്കി മാറ്റി. ശിവശങ്കറാണ്  കള്ളപ്പണം സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് ചാര്‍ട്ടേഡ്  അക്കൗണ്ട് മൊഴി നൽകിയിരിക്കുന്നത്‌. ഇതെല്ലാം നടന്നിരിക്കുന്നത് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടാണ്. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കെല്ലാം ശിവശങ്കറെ ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാവുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.  കള്ളപ്പണം യു.എസ് ഡോളറായി മാറ്റിയതും ക്രയവിക്രിയം നടത്തിയതും ശിവശങ്കറും, സ്വപ്‌നയും, സരിത്തും, സന്ദീപും മാത്രം ചേര്‍ന്നല്ല. സ്വകാര്യ ബങ്കുകളടക്കം ഇതിന് സഹായിച്ചു. പലരും ലോക്കര്‍ സൗകര്യം നല്‍കി. ഒഫീഷ്യലായും, ഔദ്യോഗികമായും അനൗദ്യോഗികമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കള്ളപ്പണം യു.എസ് ഡോളറായി മാറ്റി  വിദേശത്ത് എത്തുകയും അവിടെ നിക്ഷേപിക്കുകയും വീണ്ടും സ്വര്‍ണമായി തിരിച്ച് വരികയും ചെയ്തുവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.