സിവില്‍ സര്‍വിസ് കേഡര്‍ നിര്‍ണയത്തില്‍ പൊളിച്ചെഴുത്ത്

ന്യൂഡല്‍ഹി: സിവില്‍ സര്‍വിസസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ് നിശ്ചയിച്ച് കേഡര്‍ അനുവദിക്കുന്ന മാനദണ്ഡങ്ങളില്‍ മോദി സര്‍ക്കാറിന്റെ പൊളിച്ചെഴുത്ത്. ഇനി പരിശീലനകാലത്തെ ഫൗണ്ടേഷന്‍ കോഴ്‌സില്‍ പ്രബേഷണര്‍മാരുടെ മികവുനോക്കി മെറിറ്റ് തീരുമാനിക്കും. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സിവില്‍ സര്‍വിസസ് വിഭാഗങ്ങളില്‍ ഏതു നല്‍കണമെന്ന് അതിന്റെ അടിസ്ഥാനത്തില്‍ അന്തിമമായി നിശ്ചയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷന്‍ (യു.പി.എസ്.സി) വിവിധ ഘട്ടങ്ങളായി നടത്തുന്ന എഴുത്ത്, അഭിമുഖ പരീക്ഷകള്‍ വഴി ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ സര്‍വിസസ് കേഡര്‍ നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന്, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങി വിവിധ ബാച്ചുകളിലായി തിരിച്ച് മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ (എല്‍.ബി.എസ്.എന്‍.എ.എ) പരിശീലനം നല്‍കുന്നതായിരുന്നു രീതി. പുറം ഇടപെടലുകളില്ലാതെ യു.പി.എസ്.സി സുതാര്യമായി നടത്തിപ്പോന്ന പ്രക്രിയയാണ് വ്യക്തി, രാഷ്ട്രീയ താല്‍പര്യങ്ങള്‍ വഴി സ്വാധീനിക്കപ്പെടാവുന്ന വിധം മാറ്റി നിശ്ചയിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിശ്വസ്ത വിധേയരെ കൂടുതലായി സൃഷ്ടിക്കാന്‍ പര്യാപ്തമാണ് പുതിയ മാനദണ്ഡം.

എന്നാല്‍, 2019 മുതല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി പരിശീലന കേന്ദ്രത്തിലെ പ്രവര്‍ത്തന മികവുകൂടി പരിഗണിച്ചതിനുശേഷം മാത്രം സിവില്‍ സര്‍വിസസ് കേഡര്‍ നിശ്ചയിച്ചാല്‍ മതിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. മൂന്നു മാസത്തെ പരിശീലനമാണ് എല്‍.ബി.എസ്.എന്‍.എ.എ നല്‍കുന്നത്. പരിശീലന സിലബസില്‍ ഹിന്ദി പാഠ്യവിഷയമാണ്. പരിശീലന കേന്ദ്രത്തിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കേഡര്‍ നിശ്ചയിക്കുന്നതെങ്കില്‍ എല്‍.ബി.എസ്.എന്‍.എ.എയിലെ ഉദ്യോഗസ്ഥരെ സ്വധീനിക്കാന്‍ കഴിയുന്നവര്‍ക്ക് പ്രധാന കേഡറുകള്‍ ലഭിക്കുന്ന സ്ഥിതി വരും. സിവില്‍ സര്‍വിസ് പരീക്ഷക്ക് പരിശീലനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇടപെടാമെന്നും വരും. ഹിന്ദി ഭാഷ അറിയാത്തവര്‍ പരിശീലന കാലയളവില്‍ പിന്നോട്ടുപോകാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യു.പി.എസ്.സിയുടെ അധികാരം ഇല്ലാതാക്കുന്ന പുതിയ സര്‍ക്കുലറിനെതിരെ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസും രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യം രാജ്യത്തെ സ്ഥാപനങ്ങളെ തകര്‍ക്കലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *