ശബരിമല നട നവംബര്‍16 ന് തുറക്കും : കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പത്തനംതിട്ട : ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് നവംബര്‍ 16 ന് തുടക്കമാകും. നവംബര്‍ 15 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും.ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജാ മഹോല്‍സവം. മകരവിളക്ക് ഉല്‍സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30 ന് തുറക്കും.ഡിസംബര്‍ 30 മുതല്‍ 20 വരെയാണ് മകരവിളക്ക് ഉല്‍സവം. മകരവിളക്ക് ജനുവരി 14 നാണ്‌. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ തിര്‍ത്ഥാടനകാലത്ത് ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രവേശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ആയിരിക്കും.

കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ശബരിമല അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ആ‍ഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളില്‍ ദിവസവും 1000 വീതം അയ്യപ്പഭക്തര്‍ക്കും ശനി,ഞായര്‍ ദിവസങ്ങളില്‍ 2000 വീതം അയ്യപ്പഭക്തര്‍ക്കും മാത്രമായിരിക്കും ദര്‍ശനത്തിനായി അനുമതി നല്‍കുക.മണ്ഡലപൂജ,മകരവിളക്ക് ദിവസങ്ങളില്‍ 5000 വീതം ഭക്തര്‍ക്ക് ശബരിമലയിലേക്ക് പ്രവേശനം ലഭിക്കും.കൊവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കുക.

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ നിര്‍ബന്ധമായും കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്,ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവ കൊണ്ടുവരണം.24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ്-19 പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഭക്തര്‍ കൈയ്യില്‍ കരുതേണ്ടത്.കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതയും വരുന്ന ഭക്തരെ ഒരു കാരണവശാലും ശബരിമല സന്നിധാനത്തേക്ക് കടത്തിവിടുന്നതല്ല.നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളിലും ശബരിമലയിലേക്ക് കടന്നുവരുന്ന ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും കൊവിഡ്-19 പരിശോധനയ്ക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്നവർക്കും കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.ശബരിമലയുടെ ബെയ്സ് ക്യാമ്പ് നിലയ്ക്കല്‍ ആയിരിക്കും.അയ്യപ്പഭക്തരുമായി വരുന്ന ചെറിയ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശനം ഉണ്ടാകും.ഭക്തരെ പമ്പയില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ നിലയ്ക്കല്‍ എത്തി പാര്‍ക്ക് ചെയ്യണം.പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല.അയ്യപ്പഭക്തര്‍ക്കായി നിലയ്ക്കല്‍,പമ്പ,സന്നിധാനം എന്നിവടങ്ങളില്‍ ബാത്ത്റൂം,ടോയിലെറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതാണ്.പമ്പ നദിയില്‍ സ്നാനം അനുവദിക്കുകയില്ല. അയ്യപ്പഭക്തര്‍ക്ക് കുളിക്കാനായി പ്രത്യേക ഷവറുകള്‍ ക്രമീകരിക്കും.

നിലയ്ക്കല്‍,സന്നിധാനം,പമ്പ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അയ്യപ്പഭക്തര്‍ക്കായി അന്നദാനം നല്‍കുന്നതാണ്പമ്പയിലും സന്നിധാനത്തും വിരിവെയ്ക്കാനും താമസത്തിനുമുള്ള സൗകര്യം ഉണ്ടാവില്ല.ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ അയ്യപ്പഭക്തര്‍ പമ്പയിലേക്ക് മടങ്ങേണ്ടതാണ്.എന്നാല്‍ നിലയ്ക്കലില്‍ അയ്യപ്പന്‍മാര്‍ക്ക് ചെറിയ തോതില്‍ വിരിവയ്ക്കാന്‍ സൗകര്യം നല്‍കുന്നതാണ്.നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളിലും സന്നിധാനത്തേക്കുള്ള പാതയിലും സന്നിധാനത്തും ഭക്തര്‍ക്ക് പ്രത്യേകം പാത്രങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

അയ്യപ്പഭക്തന്‍മാര്‍ പമ്പയില്‍ നിന്ന് ശബരിമല കയറേണ്ടതും ഇറങ്ങേണ്ടതും സ്വമിഅയ്യപ്പന്‍ റോഡ് വ‍ഴിആണ്.മുന്‍കാലങ്ങളിലെ പോലെ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനുള്ള സംവിധാനം ഇക്കുറി ഉണ്ടാവില്ല.പകരം ഭക്തര്‍ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച്‌ അഭിഷേകത്തിനായി കൊണ്ടുപോകുന്നതാണ്.അഭിഷേകം നടത്തിയ നെയ്യും പ്രസാദവും ഭക്തര്‍ക്ക് ദേവസ്വത്തിന്‍റെ പ്രത്യേക കൗണ്ടറുകള്‍ വ‍ഴി ലഭ്യമാക്കും.ഭക്തര്‍ക്ക് അപ്പവും,അരവണയും സന്നിധാനത്ത് നിന്ന് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സ്വാമിഅയ്യപ്പന്‍ റോഡിന്‍റെ വിവിധ പോയിന്‍റുകളില്‍ അയ്യപ്പഭക്തര്‍ക്കായി എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കും.ശബരിമല ദര്‍ശനത്തിന് എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ നിര്‍ബന്ധമായി മാസ്കും കൈയ്യുറകളും ധരിക്കണം.സാമൂഹിക അകലം പാലിച്ചും കൊവിഡ് 19 സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ചും ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങേണ്ടതാണെന്നും നിര്‍ദ്ദേശമുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story