കോവിഡ് ടെസ്റ്റ് : സ്വകാര്യലാബുകള്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തരുതെന്ന് കോഴിക്കോട് കളക്ടർ
കോഴിക്കോട്; സ്വകാര്യലാബുകളില്‍ നടത്തുന്ന പരിശോധനകളുടെ വിശദ വിവരങ്ങള്‍ അതത് ദിവസം തന്നെ കോവിഡ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. ജില്ലയില്‍ കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യലാബുകളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സ്ഥാപനങ്ങളില്‍ ടെസ്റ്റ് നടത്തുന്നുണ്ടെങ്കിലും വൈകിയാണ് പോര്‍ട്ടലില്‍ എന്‍ട്രി വരുത്തുന്നത്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലയില്‍ 64 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ലഭ്യമാണ്. ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും ആര്‍.ടി.പി.സി.ആറിന് 2100 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്.യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.രാജേന്ദ്രന്‍, ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ. ആശാദേവി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. റ്റി മോഹന്‍ദാസ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.ലതിക, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ സ്വകാര്യ സ്ഥാപന മേധാവികള്‍, എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ ലാബ് ടെക്‌നീഷ്യന്‍ സുരേഷ് എം.എ നന്ദി പറഞ്ഞു.