ശരണമന്ത്രങ്ങളുമായി അയ്യപ്പസന്നിധിയുണർന്നു
ശരണമന്ത്രങ്ങളുമായി അയ്യപ്പസന്നിധിയുണർന്നു. ഇനി വ്രതശുദ്ധിയുടെ തീർഥാടനകാലം. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഭക്തരെ കടത്തി വിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് മാസങ്ങള്‍ക്ക് ശേഷം തീര്‍ഥാടക പ്രവേശനം അനുവദിച്ച് ശബരിമലയില്‍ ആദ്യമണിക്കൂറുകളില്‍ എത്തിച്ചേര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണി മുതലാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനാരംഭിച്ചത്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 352 പേര്‍ ദര്‍ശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സെക്കന്‍ഡുകള്‍ മാത്രം ദര്‍ശനം ലഭിച്ചിരുന്ന സോപാനമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സമയം ഭക്തര്‍ക്ക് ലഭിക്കുന്നതിനാല്‍ കൂടുതല്‍ സുഖപ്രദമായ ദര്‍ശനസംവിധാനമാണ് ഇപ്പോള്‍ ശബരിമലയില്‍ ലഭ്യമാകുന്നത്. മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും.കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.