സംസ്ഥാനത്തെ കെഎസ്എഫ്ഇ റെയ്ഡ്; റെയ്ഡിൽ വിജിലൻസ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ
സംസ്ഥാനത്തെ കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്) ഓഫിസുകളിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് കണ്ടെത്തിയതു ഗുരുതര ക്രമക്കേടുകൾ. 20 ഓഫിസുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. ചിട്ടികളിൽ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജർമാർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 4 കെഎസ്എഫ്ഇ ഓഫിസുകളിൽ സ്വർണ പണയത്തിലും തട്ടിപ്പ് കണ്ടെത്തി. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയോടെ സർക്കാരിനു കൈമാറുമെന്നു വിജിലൻസ് അറിയിച്ചു.
പുതിയതായി ചേര്‍ക്കുന്ന ചിട്ടികളില്‍ കൃത്രിമം നടക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ചിട്ടി ലേലത്തിലെ ഒത്തുകളി, ക്രമക്കേട് തുടങ്ങിയ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പരിശോധന. ചിട്ടിക്ക് എണ്ണം തികയാതെ വന്നാല്‍ കെഎസ്എഫ്ഇയുടെ പണം തന്നെ ഇറക്കി ആളെ ചേര്‍ക്കുന്നതായി ബോധിപ്പിച്ച് ക്രമക്കേട് നടത്തുന്നതായാണ് സൂചനയുണ്ടായിരുന്നു. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ തള്ളി കെഎസ്എഫ്ഇ ചെയര്‍മാന്‍ രംഗത്ത് വന്നിട്ടുണ്ട്. കൊള്ള ചിട്ടി പ്രോല്‍സാഹിപ്പിക്കാറില്ലെന്നും കള്ളപ്പണ നിക്ഷേപത്തിനു സാധ്യതയില്ലെന്നും കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പ്രതികരിച്ചു