മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം: കോട്ടയത്തും മംഗലാപുരത്തും നിപ വൈറസ് ലക്ഷണങ്ങളുമായി മൂന്നുപേര്‍ ആശുപത്രിയില്‍

May 23, 2018 0 By Editor

കോഴിക്കോട്: കോട്ടയത്തും മംഗലാപുരത്തും നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് എത്തിയ ഒരാള്‍ക്കും മംഗലാപുരത്ത് യുവതിക്കും വൃദ്ധനുമാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

കോട്ടയത്ത് എത്തിയയാള്‍ക്ക് പനിയും തലചുറ്റലും വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിപ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഇദ്ദേഹത്തെ ഐസോലേറ്റഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ച് നിരീക്ഷിച്ച് വരികയാണ്. യുവതിയെയും വൃദ്ധനേയും മംഗലാപുരത്തെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. ഇരുവരും അടുത്ത ദിവസങ്ങളിലായി കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു.

ജനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കുമുള്ള യാത്ര തത്കാലം നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രോഗം പടരുന്നത് തടയുന്നതിനായാണ് തീരുമാനം. അതിനിടെ, നിപയെ പ്രതിരോധിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന റിബവൈറിന്‍ എന്ന മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ പാര്‍ശ്വഫലത്തിന് സാധ്യതയുള്ളതിനാല്‍ ട്രയല്‍ നടത്തിയ ശേഷം മാത്രമേ മരുന്ന് രോഗികള്‍ക്ക് നല്‍കൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.