കേന്ദ്രത്തിന്റെ അഞ്ചിന നിര്‍ദേശങ്ങളും കര്‍ഷകര്‍ തള്ളി; 14 ന് ദേശീയ പ്രക്ഷോഭം
ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ തള്ളി സമരസമിതി. വിവാദ കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
സിംഘുവില്‍ ചേര്‍ന്ന കര്‍ഷകസമിതി യോഗത്തിലാണ് കേന്ദ്രം മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ സമരസമിതി ചര്‍ച്ചയ്ക്ക് ശേഷം തള്ളിയത്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12ന് ഡല്‍ഹി-ജയ്പുര്‍, ഡല്‍ഹി-ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ഡിസംബര്‍ 12ന് രാജ്യവ്യാപകമായി ടോള്‍പ്ലാസകളില്‍ ടോള്‍ ബഹിഷ്കരിക്കാനും കര്‍ഷകസംഘടനാ നേതാവ് ദര്‍ശന്‍ പാല്‍ ആഹ്വാനം ചെയ്തു. കര്‍ഷകരുടെ ആവശ്യം പരിഗണിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലാത്തപക്ഷം സമരം ശക്തമാക്കും. എല്ലാം സംസ്ഥാനങ്ങളിലും ജില്ലാ തലത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.