സമരം ശക്തമാക്കി കർഷകർ; 1200 ട്രാക്ടറുകളിലായി 50,000 പേർ ഡല്‍ഹിയിലേക്ക്.
ന്യൂഡൽഹി: കര്‍ഷക സമരം 15ാം ദിവസവും പിന്നിടുമ്പോള്‍ സമരം അതിശക്തമാക്കി മുന്നോട്ടു കൊണ്ടുപോകുമെന്ന മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് കര്‍ഷകര്‍. പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നായി 50,000ത്തോളം കര്‍ഷകര്‍ 1200 ട്രാക്ടറുകളില്‍ കയറിയാണ് ഡല്‍ഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ അവര്‍ മോഗയിലാണ്. ആറ് മാസത്തോളം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണം കരുതിക്കൊണ്ടാണ് സമരമുഖത്തേക്ക് ഈ കര്‍ഷകര്‍ എത്തുന്നത്."ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് മോദി സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ. മറ്റെന്ത് സാഹചര്യം ഉടലെടുത്താലും ഞങ്ങളിനി തിരികെ പോകില്ല" , എന്നാണ് മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റി നേതാവ് സത്‌നം സിങ് പന്നു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്.സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഇതുവരെയും ഉണ്ടാകാത്തതിനാല്‍ സമരം അതി ശക്തമായി മുന്നോട്ടു കൊണ്ട് പോകാനാണ് കര്‍ഷകരുടെ തീരുമാനം.