നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് പ്രധാനമന്ത്രി ശര്‍മ ഒലി
കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തത്. ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ക്യാബിനെറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്റിങ് കമ്മിറ്റി അംഗം പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തി പ്രധാനമന്ത്രി മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒലിയുടെ തീരുമാനത്തിനെതിരേ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒലിയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് മുതിര്‍ന്ന എന്‍.സി.പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധവ് കുമാര്‍ വ്യക്തമാക്കി.ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ കൊണ്ടുവന്ന ഭരണഘടാന കൗണ്‍സില്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഒലിക്ക് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഒലിക്കെതിരേയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി പ്രധാനമന്ത്രി പദം ഒഴിയണമെന്ന് മാധവ്, പ്രചണ്ഡ വിഭാഗങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.