വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായി ഡ്രൈ റണ്‍ നാല് സംസ്ഥാനങ്ങളില്‍
ന്യൂ ഡൽഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ അടുത്തയാഴ്ച നടക്കും. നാലു സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്.
ലോകാരോഗ്യ സംഘടനയും യുഎന്‍ഡിപിയും സഹകരിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്യുക, സൗകര്യങ്ങള്‍ ഒരുക്കുക, മാപ്പിംഗ്, ഗുണഭോക്തൃ ഡാറ്റ തയ്യാറാക്കല്‍, ടീം അംഗങ്ങളുടെ വിന്യാസം, മോക്ക് ഡ്രില്ലുകള്‍, അവലോകന മീറ്റിംഗുകള്‍ തുടങ്ങിയവയാണ് നടത്തുക.ഓരോ സംസ്ഥാനങ്ങളിലെയും ഒന്നോ രണ്ടോ ജില്ലകളെയാകും ഡ്രൈ റണ്ണിനായി തെരഞ്ഞെടുക്കുക. ഇവിടങ്ങളിലെ ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുക്കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാറിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
പഞ്ചാബില്‍ ലുധിയാന, ഷഹീദ് ഭഗത് സിങ് നഗര്‍ ജില്ലകളില്‍ ഡിസംബര്‍ 28,29 തീയതികളില്‍ അഞ്ചു ലൊക്കേഷനുകളിലായി ഡ്രൈ റണ്‍ നടത്തുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് അറിയിച്ചു. രാജ്യത്ത് ജനുവരിയില്‍ വാക്‌സിന്‍ വിതരണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.