പ്രതിരോധ വാക്സിന്‍ സ്വീകരിച്ച നഴ്സിന് ഒരാഴ്ച്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു
സാന്റിയാഗോ : കോവിഡ് പ്രതിരോധ വാക്സിന്‍ സ്വകരിച്ച യുഎസ് നഴ്സിന് എട്ടുദിവസങ്ങള്‍ക്ക് ശേഷം കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട് . സാന്റിയാഗോയിലെ ആശുപത്രിയില്‍ നഴ്സായ മാത്യു എന്ന നഴ്സ് ഡിസംബര്‍ 18നാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്.
വാക്സിന്‍ സ്വീകരിച്ച് ആറു ദിവസം കഴിഞ്ഞപ്പോള്‍ 45കാരനായ നഴ്സിന് ജോലിക്കിടെ അസ്വസ്ഥത തോന്നി. കോവിഡ് യൂണിറ്റിലായിരുന്നു ആ സമയം ജോലി നോക്കിയിരുന്നത്. തണുപ്പും പേശി വേദനയും അനുഭവപ്പെട്ടു. അടുത്ത ദിവസം പരിശോധനക്ക് വിധേയമായപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ക്രിസ്മസ് ദിനത്തില്‍ രോഗലക്ഷണങ്ങള്‍ കലശലായെങ്കിലും അതിനുശേഷം കുറഞ്ഞു.
ഇത്തരം കേസുകള്‍ പ്രതീക്ഷിച്ചതാണെന്ന് സാന്റിയാഗോയിലെ ഫാമിലി ഹെല്‍ത്ത് സെന്ററിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ക്രിസ്റ്റ്യന്‍ റാമേഴ്സ് പറഞ്ഞു. 'വാക്സിന്‍ സ്വീകരിക്കുന്നതിന് മുൻപ് മാത്യുവിന് രോഗം ബാധിച്ചിരിക്കാം, കാരണം ഇന്‍കുബേഷന്‍ കാലയളവ് രണ്ടാഴ്ചവരെയാകാം. കൂടാതെ, വാക്സിനില്‍ നിന്നുള്ള സംരക്ഷണം ലഭിക്കുന്നതിന് 10 മുതല്‍ 14 ദിവസം വരെ വേണ്ടിവരുമെന്നും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വ്യക്തമായതാണ്'- വാക്സിന്‍ ക്ലിനിക്കല്‍ ഉപദേശക സമിതിയില്‍ അംഗം കൂടിയായ റാമേഴ്സ് പറയുന്നു.