പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് വ്യക്തമാക്കിയത്. തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിക്കഴിഞ്ഞു. കാര്‍ഷിക മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങള്‍ എന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. കർഷക സംഘടനകളുമായുള്ള ചർച്ച തുടരുകയാണ്.

നാലിന അജണ്ട മുന്‍നിര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞ തവണ തയ്യാറായത്. ഇതില്‍ രണ്ട് വിഷയങ്ങളില്‍ അനുകൂല തീരുമാനം എടുത്തിരുന്നു. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയില്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു. എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാട് ഇന്നത്തെ ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരും നിലപാട് വ്യക്തമാക്കിയത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയെന്നത് ആത്മഹത്യാപരമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. ദേശീയ പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370, ലേബര്‍ കോഡ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ വിഷയങ്ങളിലും പ്രക്ഷോഭവുമായി മറ്റുസംഘടനകള്‍ രംഗത്തെത്താനുള്ള സാധ്യതയുണ്ട്. അക്കാര്യംകൂടി മുന്‍നിര്‍ത്തിയാണ് കേന്ദ്രം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്നാണ് സൂചന.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story