പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

May 24, 2018 0 By Editor

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഭീംബെര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ഇതേതുടര്‍ന്ന് പാകിസ്താന്‍ ഡെപ്യുട്ടി ഹൈകമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.

മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ച് പാകിസ്താന്‍ മനപൂര്‍വം നിഷ്‌കളങ്കരായ ഗ്രാമീണരെ ലക്ഷ്യം വെക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. തികച്ചും അപലപനീയമായ നടപടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിര്‍ത്തിയില്‍ നിന്ന് മാറിത്താമസിച്ചിട്ടും ജനങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

സാധാരണക്കാരായ ജനങ്ങളെയും കുട്ടികളെയും ലക്ഷ്യം വെക്കുന്ന് മനുഷ്യത്വ രഹിതവും സൈനിക പെരുമാറ്റത്തിന് വിരുദ്ധവുമാണ്. വിഷയത്തില്‍ പാക് അധികൃതര്‍ അന്വേഷണം നടത്തി സൈന്യത്തെ ഈ നീച കൃത്യങ്ങളില്‍ നിന്ന് തടയണമെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.