കോവിഡ് വാക്സിന്: രണ്ടാമത്തെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവന്‍ ജില്ലകളിലാണ് ട്രയല്‍ റണ്‍ നടക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ജനുവരി രണ്ടിനാണ് കേരളം അടക്കം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആദ്യത്തെ ട്രയല്‍ റണ്‍ നടന്നത്. നേരത്തെ, പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എട്ടു ജില്ലകളില്‍ നടത്തിയ റിഹേഴ്സല്‍ വിജയകരമായിരുന്നു. കേരളത്തില്‍ തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
വാക്സിന് നല്‍കുന്നതിനുള്ള മുന്‍ഗണന പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നേരത്തേ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പ്രവര്‍ത്തകര്‍, പ്രായമായവര്‍, ഗുരുതര അസുഖങ്ങളുള്ളവര്‍ എന്നിങ്ങനെ ക്രമത്തില്‍ 30 കോടി പേര്‍ക്കാണ് വാക്സിന് നല്‍കുക.
'കോവിഷീല്‍ഡ്' വാക്സിന്റെ അടിയന്തര ഉപയോഗത്തിന് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ സ്ഥാപനം (സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്) ശിപാര്‍ശ ചെയ്തിരുന്നു. വൈകാതെ തന്നെ രാജ്യത്ത് വാക്സിന് വിതരണം തുടങ്ങിയേക്കും. ഇന്ത്യയില്‍ പുണെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് വാക്സിൻ നിര്‍മിക്കുന്നത്. അഞ്ചുകോടി ഡോസ് വാക്സിന് ഇതിനകം സംഭരിച്ചു കഴിഞ്ഞതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനവാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.