ഇന്ത്യയിൽ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ മുതല്‍; ആദ്യദിനം മൂന്നുലക്ഷം പേര്‍ക്ക്

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ മുതല്‍. മൂന്നുലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹം ആരോഗ്യപ്രവര്‍ത്തകരുമായി സംവദിക്കും. രാജ്യമൊട്ടാകെ 2,934 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 3,62,870 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഒരു ബൂത്തില്‍ ഒരേ വാക്‌സിന്‍ തന്നെയാവണം രണ്ടുതവണയും നല്‍കേണ്ടത്. കൊവിഷീല്‍ഡോ, കൊവാക്‌സിനോ എന്നത് അതാതിടങ്ങളിലെ ലഭ്യതക്കനുസരിച്ച്‌ തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വാക്‌സിനുകളായ കൊവിഷീല്‍ഡിനോ, കൊവാക്‌സിനോ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്ത്വം നിര്‍മാണ കമ്ബനികളായ സിറം ഇന്‍സ്റ്റിറ്റിയൂട്ടിനും, ഭാരത് ബയോ ടെക്കിനുമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്‌ട് അനുസരിച്ചുള്ള നിയമനടപടികള്‍ കമ്ബനികള്‍ നേരിടണം. വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരസാഹചര്യത്തില്‍ നടത്തിയ വാക്‌സിന്‍ ഉല്‍പാദനത്തില്‍ തിരിച്ചടികളുണ്ടായാല്‍ കേന്ദ്രം കൂടി ഉത്തരവാദിത്തമേറ്റെടുക്കണമെന്ന് സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ മരുന്ന് കമ്ബനികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ വാക്‌സിനേഷനുകളിലും ഇതുതന്നെയാണ് രീതിയെന്നും കൊവിഡ് വാക്‌സിനേഷനെ പ്രത്യേകമായി കാണേണ്ടതില്ലെന്നുമാണ് കമ്ബനികള്‍ക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കിയത്.

കേരളത്തില്‍ നാളെ രാവിലെ 9 മണി മുതല്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങും. 133 കേന്ദ്രങ്ങളില്‍ ആയി 100 വീതം പേര്‍ക്കാണ് ഓരോ ദിവസവും കുത്തിവയ്പ്പ് നല്‍കുക. 4,33,500 ഡോസ് വാക്‌സിന്‍ ബുധനാഴ്ചയാണ് കേരളത്തിലെത്തിച്ചത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തിരിക്കേണ്ടത്. ആദ്യഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാവുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപോര്‍ട്ട് ചെയ്യണം. ആ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story