പിപിഇ കിറ്റ് ധരിച്ച് മോഷണം; കവർന്നത് 13 കോടിയുടെ സ്വർണം
ന്യൂഡൽഹി: പഴ്സനൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പിപിഇ) കിറ്റ് ധരിച്ച് ഡല്‍ഹിയിലെ ജ്വല്ലറി ഷോറൂമിൽ മോഷണം. 13 കോടി വിലവരുന്ന 25 കിലോ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. മുഹമ്മദ് ഷെയ്ഖ് നൂറെന്ന പ്രതി പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ കെട്ടിടത്തിന്റെ ടെറസിൽനിന്നാണ് മോഷ്ടാവ് ജ്വല്ലറിയിലേക്കു പ്രവേശിച്ചത്. ആയുധധാരികളായ അഞ്ച് ഗാർഡുകൾ ഷോറൂമിന് കാവലായിട്ട് ഉണ്ടായിരുന്നു. എന്നാൽ മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചതോ മോഷണം നടന്നതോ ഇവര്‍ അറിഞ്ഞില്ല. സ്വർണാഭരണങ്ങൾ കണ്ടെത്തുന്നതിനായി ഇയാൾ ഡെസ്ക്കുകൾക്കു മുകളിലൂടെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.കർണാടകയിലെ ഹുബ്ലിയിൽനിന്നുള്ള പ്രതി ഓട്ടോറിക്ഷയിലാണ് സ്വർണം കടത്തിയത്. ജ്വല്ലറിയുടെ സമീപത്തുതന്നെയുള്ള ഇലക്ട്രോണിക്സ് കടയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. രാത്രി 9.30ന് കടയിൽ പ്രവേശിച്ച ഇയാൾ പുലർച്ചെ മൂന്നോടെയാണ് ഇവിടം വിട്ടത്.