ബജറ്റ് ദിനത്തില്‍ കർഷകർ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ഫെബ്രുവരി ഒന്നിന് വിവിധ സ്ഥലങ്ങളില്‍ നിന്ന് പാര്‍ലമെന്റിലേക്ക് കാല്‍നടയായി മാര്‍ച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്‍ഹി പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്. റാലിയില്‍ എത്ര ട്രാക്ടറുകള്‍ അണിനിരക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.