‘ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം; കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച്‌ പ്രമുഖ അത് ലറ്റ് പി.ടി ഉഷ

February 4, 2021 0 By Editor

കണ്ണൂര്‍: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച്‌ പ്രമുഖ അത് ലറ്റ് പി.ടി ഉഷ. ഞങ്ങളുടെ സംസ്‌ക്കാരത്തിലും പാരമ്ബര്യത്തിലും ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നുമാണ് ട്വീറ്റ്.

‘ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’ പി.ടി. ഉഷ ട്വിറ്ററില്‍ വ്യക്തമാക്കി.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബര്‍ഗും കമല ഹാരിന്റെ സഹോദരിപുത്രി മീന ഹാരിസും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ റിഹാനയെയും ഗ്രെറ്റയേയും വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍. ഇതിന് തുടര്‍ച്ചയായാണ് മലയാളത്തിന്റെ സ്വന്തം അത് ലറ്റും കേന്ദ്രസര്‍ക്കാറിനെ പിന്തുണക്കുന്ന ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.