ദീപ് സിദ്ധു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ അപ് ലോഡ് ചെയ്തത് വിദേശത്തുനിന്നും പെണ്‍സുഹൃത്ത്

ന്യൂഡൽഹി :കര്‍ഷക നേതാക്കള്‍ക്കെതിരെയും ഡൽഹി പൊലീസിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ച്‌ പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വിദേശത്തു നിന്നാണ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്നു പൊലീസിന്റെ കണ്ടെത്തല്‍. ഇതിനു പിന്നില്‍ താരത്തിന്റെ പെണ്‍സുഹൃത്താണെന്നും പൊലീസ് കണ്ടെത്തി. അതിനിടെ റിപബ്ലിക് ദിനത്തില്‍ ഡൽഹിയിലെ കര്‍ഷകറാലിയില്‍ അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദീപ് സിദ്ധുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി കഴിഞ്ഞു.
ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയ നടനെതിരെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയും സമൂഹമാധ്യമങ്ങളില്‍ ദീപ് സിദ്ധുവിന്റെ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളിസങ്കേതത്തില്‍ സ്വയം ചിത്രീകരിച്ച വീഡിയോകള്‍ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പൊലീസിന്റെ നിഗമനം.ഡൽഹി ക്രൈംബ്രാഞ്ചിന്റെ വിവിധ സംഘങ്ങള്‍ ദീപ് സിദ്ധുവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല ഇതോടെ നടനെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡൽഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
റിപബ്ലിക് ദിനത്തില്‍ ഡൽഹിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കര്‍ഷക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ത്തി താരം സമൂഹമാധ്യമങ്ങളില്‍ നിരവധി തവണ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഒളിസങ്കേതം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു.
കര്‍ഷക നേതാക്കളുടെ രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും ദീപ് സിദ്ധു ഭീഷണിപ്പെടുത്തിയിരുന്നു. സിദ്ധു ബിജെപി ഏജന്റാണെന്നും സമരം പൊളിക്കാന്‍ ഇടപെട്ടുവെന്നുമാണ് കര്‍ഷക സംഘടനകളുടെ ആരോപണം. ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിദ്ധു ജനുവരി 25ന് രാത്രി സമരഭൂമിയിലെത്തി കര്‍ഷകരെ പ്രകോപിപ്പിച്ച്‌ സമരം അക്രമാസക്തമാക്കാന്‍ നേതൃത്വം നല്‍കിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story