
അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയ 13 കാരനെതിരെ കേസ്
February 6, 2021മുംബൈ: പതിനാലു വയസുള്ള പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പതിമൂന്ന് വയസുള്ള ആണ്‍കുട്ടിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു. മുംബൈയിലെ പടിഞ്ഞാറന്‍ പ്രദേശത്താണ് കേസ്. ലോക്ക് ഡൗണ്‍ സമയത്ത് പെണ്‍കുട്ടിയുമായി പതിമൂന്നുകാരന്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയായിരുന്നു. എന്നാല്‍, താന്‍ ആരാണെന്നോ എന്താണെന്നോ സംബന്ധിച്ച് പതിമൂന്നുകാരന്‍ പെണ്‍കുട്ടിയോട് യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ, രണ്ടു പേരും തമ്മില്‍ ചാറ്റിംഗ് ആരംഭിക്കുകയും സുഹൃത്തുക്കളാകുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളായതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ സമയത്ത് ഇരുവരും ട്രൂത്ത് ഓര്‍ ഡെയര്‍ ഗെയിം കളിക്കാന്‍ ആരംഭിച്ചു. വീഡിയോ കോളിലൂടെ പെണ്‍കുട്ടിയോട് ഡെയര്‍ (ധൈര്യം) ആവശ്യപ്പെട്ടതിനു ശേഷം പതിമൂന്നുകാരന്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. സ്മാര്‍ട്ട് ഫോണ്‍ കൈകാര്യം ചെയ്യാന്‍ പതിമൂന്നുകാരന് നന്നായി അറിയാമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വീഡിയോ കോളിന് ശേഷം പെണ്‍കുട്ടിയെ പതിമൂന്നുകാരന്‍ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. പതിമൂന്നുകാരന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ആയിരുന്നു ഭീഷണി. ആണ്‍കുട്ടിയുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പതിമൂന്നുകാരനെ ബ്ലോക്ക് ചെയ്തു. ഇതോടെ പെണ്‍കുട്ടിയുടെ സുഹൃത്തിന് വീഡിയോ അയച്ചു നല്‍കി.എന്നാല്‍, പെണ്‍കുട്ടിയുടെ സുഹൃത്ത് പതിമൂന്നുകാരനെ ബ്ലോക്ക് ചെയ്യുകയും പെണ്‍കുട്ടിയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐ പി വിലാസം തിരഞ്ഞെത്തിയതോടെ പെണ്‍കുട്ടി താമസിക്കുന്ന അതേ തെരുവിലാണ് ഈ ആണ്‍കുട്ടിയും താമസിക്കുന്നതെന്നും സ്കൂളില്‍ ഒരുമിച്ചു പഠിക്കുന്ന പതിമൂന്നുകാരനാണ് പിന്നിലെന്നും കണ്ടെത്തുകയായിരുന്നു.പതിമൂന്നുകാരന് എതിരായ ആദ്യ കുറ്റമായതിനാലും പ്രായപൂര്‍ത്തി ആകാത്തതിനാലും പോലീസ് നോട്ടീസ് അയച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് കുട്ടികളുടെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.