താങ്ങുവില തുടരും കാര്‍ഷിക നിയമത്തില്‍ കുറവുകള്‍ പരിഹരിക്കും , കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കണമെന്നും കുറവുകള്‍ പരിഹരിക്കാമെന്നും താങ്ങുവില തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. സമരം
നടത്തുന്ന കര്‍ഷകരെ അദ്ദേഹം വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സമരത്തിൽ ഇരിക്കുന്ന പ്രായമുള്ളവര്‍ വീട്ടിലേക്ക് മടങ്ങണമെന്നും രാജ്യസഭയില്‍ നടത്തിയ നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ഷകസമരം എന്തിന് വേണ്ടിയാണെന്ന് ആരും പറയുന്നില്ലെന്നും കാര്‍ഷിക മേഖലയില്‍ പരിഷ്‌ക്കരണത്തിന് വാദിച്ചിരുന്നവര്‍ ഇപ്പോള്‍ യു ടേണ്‍ എടുക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെയെല്ലാം കേന്ദ്രബിന്ദു ചെറുകിട കര്‍ഷകര്‍ ആണെങ്കിലും അതിന്റെ ഗുണങ്ങള്‍ അവര്‍ക്ക് കിട്ടുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 6000 രൂപ രാജ്യത്തെ 10 കോടി കര്‍ഷകര്‍ക്കാണ് ഗുണകരമായത്. പരിഷ്‌ക്കരണത്തിനായി വാദിച്ചിരുന്നവര്‍ ഇപ്പോള്‍ യു ടേണ്‍ എടുക്കുകയാണെന്നും വിമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും ഒറ്റ കാര്‍ഷിക വിപണിക്കായി വാദിച്ചിരുന്നു. പരിഷ്‌ക്കാരം നരേന്ദ്രമോഡി കൊണ്ടു വന്നത് കൊണ്ടാണ് അംഗീകരിക്കാത്തത്. മറ്റാരെങ്കിലും ആണ് കൊണ്ടു വന്നിരുന്നതെങ്കില്‍ പ്രകീര്‍ത്തിക്കപ്പെട്ടേനെ. കാര്‍ഷിക രംഗത്ത് മാറ്റം ഇല്ലാതെ മുൻപോട്ട് പോകാനാകില്ല. വിമര്‍ശനം ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നും പറഞ്ഞു.
ഇടതുപക്ഷത്തെ പരിഹസിക്കാനും മറന്നില്ല. വിദ്യാര്‍ത്ഥി സമരത്തലും പരിസ്ഥിതി സമരത്തിലും ഒരുപോലെയുള്ളവരെ കാണുന്നു. ഇവരെ ശ്രദ്ധിക്കാനും പറഞ്ഞു. ഇവര്‍ തനിക്ക് മാത്രമല്ല സംസ്ഥാനം ഭരിക്കുന്നവര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. രാഷ്ട്രപതിയുടെ നയപ്രസംഗം ബഹിഷ്‌ക്കരിച്ചതിന് പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്തു. നടപടി ജനാധിപത്യത്തിന് ഗുണകരമല്ലെന്നും ബഹിഷ്‌ക്കരിച്ചവര്‍ക്കും പിന്നീട് മണിക്കൂറോളം പ്രസംഗം ചര്‍ച്ച ചെയ്യേണ്ടി വന്നെന്നും പറഞ്ഞു.