കാമ്പസുകള്‍ ലഹരിമുക്തമാക്കാന്‍ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് ഹൈക്കോടതി

കാമ്പസുകള്‍ ലഹരിമുക്തമാക്കാന്‍ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് ഹൈക്കോടതി

February 11, 2021 0 By Editor

കൊച്ചി: ലഹരി ഉപയോഗം ചെറുക്കാൻ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കാമ്പസിൽ പരിശോധന നടത്താൻ നിലവിലെ പോലീസ് സംവിധാനത്തിനു ബുദ്ധിമുട്ടായതിനാലാണ് നിർദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻ.ഡി.പി.എസ് ആക്ട് നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ലഹരിമരുന്നുപയോഗം വ്യക്തികൾക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എൻ. രാമചന്ദ്രൻ എഴുതിയ കത്ത് പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണിത്.ഹയർ സെക്കൻഡറി സിലബസിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിശദീകരിക്കുന്ന പാഠഭാഗങ്ങൾ നിർബന്ധമായി ഉൾപ്പെടുത്തണം. ലഹരി ഉപയോഗം ചെറുക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി മൂന്നു മാസം കൂടുമ്പോൾ കോടതിക്ക് റിപ്പോർട്ട് നൽകണം. നിർദ്ദേശങ്ങൾ നടപ്പാക്കിയതിനെക്കുറിച്ച് അറിയിക്കാൻ ഹർജി മൂന്നു മാസത്തിനു ശേഷം വീണ്ടും ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയോടു നിർദ്ദേശിച്ചു.

ആവശ്യമായ നടപടി സ്വീകരിക്കാൻ ഉത്തരവ് ചീഫ്സെക്രട്ടറിക്ക് അയച്ചു കൊടുക്കാനും നിർദ്ദേശിച്ചു. ലഹരി ഉപയോഗം തടയാൻ സ്പെഷ്യൽ ബ്രാഞ്ച് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ വിശദമായ പഠനം നടത്തി നിയമപരമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും കോടതി വിലയിരുത്തി.