എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സര്‍ക്കാര്‍: പിണറായിക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നുപറഞ്ഞ ഉമ്മന്‍ ചാണ്ടി ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സര്‍ക്കാര്‍ ആണെന്നും പറഞ്ഞു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ല. പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു ഡി എഫ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. 'സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നവര്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുടെ കാലു പിടിക്കുന്നതു കണ്ടു. യഥാര്‍ത്ഥത്തില്‍ കാല് പിടിക്കാന്‍ നിന്നുക്കൊടുത്തയാളാണ് ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടത്.മാപ്പു നല്‍കണമെന്ന് പറഞ്ഞ് മുട്ടില്‍ ഇഴയേണ്ടതും മറ്റാരുമല്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
'റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും നിയമനം കിട്ടണമെന്നും കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ പിന്തുണയ്ക്കാന്‍ മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്തുവന്നത് ആശ്ചര്യമാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു എന്നാണ് പ്രചാരണം. സത്യം വിളിച്ചു പറയുന്ന കണക്കുകളാണ് ഇതിനുള്ള മറുപടി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 4012 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ സമയത്ത് 3113 മാത്രം. ഈ സര്‍ക്കാര്‍ 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 തസ്തികകള്‍ സൃഷ്ടിച്ചു.1,57,909 നിയമന ശുപാര്‍ശകള്‍ നല്‍കി എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ചര്‍ച്ചയ്ക്കില്ലെന്ന് നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സമരം കൂടുതല്‍ കടുപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരാവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ മുന്നറിയിപ്പും നല്‍കി.