എല്ലാ ജില്ലകളിലും വനിതകള്‍ വേണമെന്ന് എംപിമാര്‍ ; അമ്പതിന് മുകളിലുള്ളവര്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ്

എല്ലാ ജില്ലകളിലും വനിതകള്‍ വേണമെന്ന് എംപിമാര്‍ ; അമ്പതിന് മുകളിലുള്ളവര്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ്

March 1, 2021 0 By Editor

തിരുവനന്തപുരം: മണ്ഡലത്തിന്റെ സ്വഭാവം, ജയസാധ്യത, ജനപിന്തുണ എന്നിവയെല്ലാം പരിഗണിച്ചുള്ള സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തില്‍ കോണ്‍ഗ്രസ്. നിലവിലെ കണക്കനുസരിച്ച് 96 സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കും. സിറ്റിങ് എം.എല്‍.എ.മാരുടെ കാര്യമൊഴിച്ച് പുതുമുഖങ്ങളായെത്തുന്നവരില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശിച്ചത് . 50 കഴിയാത്തവരാകണം സ്ഥാനാര്‍ഥികളെന്നാണ് പൊതുമാനദണ്ഡം. എന്നാല്‍, ഇത് നിര്‍ബന്ധ വ്യവസ്ഥയാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് സമിതിക്കാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള അധികാരം എന്നും എന്നാല്‍, സ്ഥാനാര്‍ഥികളാകേണ്ടവരെക്കുറിച്ച് സമിതിയംഗങ്ങള്‍ ഓരോരുത്തരും അവരുടെ വിലയിരുത്തലുകളും നിര്‍ദ്ദേ ശങ്ങളും പ്രത്യേകമായി നല്‍കാനാണു നിര്‍ദ്ദേശം.

എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സില്‍ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുമ്പാകെ ആവശ്യം. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ കെ.പി.സി.സി. നേതാക്കള്‍ ഡല്‍ഹി സന്ദര്‍ശിക്കാനിരിക്കേയാണ് സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മുൻപാകെ ഇത്തരമൊരു ആവശ്യം. അഞ്ചു തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തുക, രണ്ടുവട്ടം തുടര്‍ച്ചയായി പരാജയപ്പെട്ടവരെ ഒഴിവാക്കുക, എം.പി.മാര്‍ക്കു പുറമേ മുമ്പ് രാജ്യസഭാംഗത്വം ലഭിച്ചവരെയും പരിഗണനപ്പട്ടികയില്‍ നിന്നും ഒഴിവാക്കുക, ഓരോ ജില്ലയിലും ഒരു വനിതയ്ക്ക് വിജയ സാധ്യതയുള്ള സീറ്റു നല്‍കുകയും മത-സാമുദായിക പരിഗണനയില്ലാതെ വിജയസാധ്യത മാത്രം കണക്കിലെടുക്കുകയും തുടങ്ങിയ പൊതുമാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നാണ് ഹൈക്കമാന്‍ഡിനു മുന്നില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യം.