ബിഎംഎസ് യൂണിയന്‍ പങ്കെടുക്കാതിരുന്നതോടെ ചരിത്രത്തിലാദ്യമായി പണിമുടക്ക് ദിനത്തില്‍ 60 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തില്‍ ഇറങ്ങി
തിരുവനന്തപുരം : ചരിത്രത്തില്‍ ആദ്യമായി പണിമുടക്ക് ദിനത്തില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തിലിറങ്ങി.ഇന്ന് നടന്ന വാഹന പണിമുടക്കില്‍ ബിഎംഎസ് യൂണിയന്‍ പങ്കെടുക്കാതിരുന്നതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമായി കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തിലിറങ്ങിയത്. ആശുപത്രി യാത്രക്കാര്‍, ദിവസവേതന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്കാണ് ബിഎംഎസിന്റെ ഇടപെടല്‍ അനുഗ്രഹമായത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ 2800 ഷെഡ്യൂളുകളാണ് കെ.എസ്.ആര്‍.ടി.സി നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 1844 ഷെഡ്യൂളുകളും ഇന്നു ഓപ്പറേറ്റ് ചെയ്തു. 60 ശതമാനം സര്‍വീസുകള്‍ ഇന്ന് ഓപ്പറേറ്റ് ചെയ്യാനായെന്നും പണിമുടക്ക് ദിനത്തിന്റെ റെക്കോര്‍ഡാണിതെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പറയുന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം ഓപ്പറേറ്റ് ചെയ്തവയില്‍പ്പെടും. വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലുമാണ് കെഎസ്‌ആര്‍ടിസി ഏറ്റവുംകൂടുതല്‍ സര്‍വീസ് ഓപ്പറേറ്റ് ചെയ്തത്.
ബസുകള്‍ പണിമുടക്ക് പ്രമാണിച്ച് സര്‍വീസ് നടത്തില്ലെന്ന് ഇന്നലെ രാത്രി തന്നെ കെ.എസ്.ആര്‍.ടി.സിയിലെ എല്‍ഡിഎഫ്, യുഡിഎഫ് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നു. എന്നാല്‍, ജനങ്ങളെ വലച്ചുകൊണ്ടുള്ള പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് ബിഎംഎസ് സ്വീകരിച്ചത്. ഇന്നു രാവിലെ തന്നെ ബിഎംഎസ് യൂണിയനുകളില്‍ അംഗങ്ങളായ ജീവനക്കാര്‍ എല്ലാ ഡിപ്പോകളില്‍ എത്തുകയും ബസ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ തയാറാവുകയുമായിരുന്നു.