ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥ തെറ്റായിരുന്നു;  രാഹുല്‍ ഗാന്ധി

ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥ തെറ്റായിരുന്നു; രാഹുല്‍ ഗാന്ധി

March 3, 2021 0 By Editor

ന്യൂഡല്‍ഹി: ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അന്നു സംഭവിച്ചത് തെറ്റായിരുന്നുവെന്നും ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യങ്ങളെന്നും കോൺഗ്രസ് ഒരിക്കലും രാജ്യത്തിന്റെ ഭരണസംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും കൗശിക് ബസുവുമായുള്ള അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.

1975 മുതല്‍ 77 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നുവെന്ന് തന്റെ മുത്തശ്ശിയായ ഇന്ദിര ഗാന്ധി മനസിലാക്കിയിരുന്നു വെന്നും നടപടി തെറ്റാണെന്ന് പറഞ്ഞിരുന്നുവെന്നും രാഹുല്‍ വിശദീകരിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തെറ്റായിരുന്നു വെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി. തങ്ങളുടെ സ്വന്തക്കാരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകി കയറ്റുകയാണ്. ആധുനിക ജനാധിപത്യ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ സന്തുലിതാവസ്ഥയിലാണ്. എന്നാല്‍ ഈ സന്തുലിതാവസ്ഥ ഇന്ത്യയില്‍ അക്രമിക്കപ്പെടുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആര്‍.എസ്.എസ്. നുഴഞ്ഞു കയറി. അക്രമിക്കപ്പെടാത്ത ഒരു സ്ഥാപനവും രാജ്യത്തില്ല. ഇത് ആസൂത്രിതമായ അക്രമണമാണെന്നും രാഹുല്‍ ആരോപിച്ചു.