ലൈംഗിക പീഡന ആരോപണം: കർണാടക മന്ത്രി രമേശ് ജാർക്കിഹോളി രാജിവെച്ചു

March 3, 2021 0 By Editor

ബംഗളൂരു: പീഡനാരോപണത്തെ തുടര്‍ന്ന്​ കര്‍ണാടക ജലവിഭവ മന്ത്രിയും ബി.ജെ.പി നേതാവുമായ രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് ജര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു വീഡിയോ പുറത്തുവന്നതിനു പിന്നാലെയുള്ള ജര്‍ക്കിഹോളിയുടെ പ്രതികരണം.എന്നാല്‍ ഇന്ന് ജര്‍ക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. തനിക്കെതിരായ ആരോപണം സത്യത്തില്‍ നിന്ന് ഏറെ അകലെ ആണെന്നും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാല്‍ ധാര്‍മികത മുന്‍നിര്‍ത്തി രാജിവെക്കുകയാണെന്നുമാണ് രാജിക്കത്തില്‍ ജര്‍ക്കിഹോളി പറഞ്ഞിരിക്കുന്നത്. ബെംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജര്‍ക്കിഹോളിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ചൂഷണം ചെയ്തതായായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ദിനേഷ് കല്ലഹള്ളി പരാതിയും നല്‍കിയിട്ടുണ്ട്. നേരത്തേ കോണ്‍ഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജാര്‍ക്കിഹോളി കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യകക്ഷി സര്‍ക്കാരിനെ മറിച്ചിട്ട് ബി.ജെ.പിയിലേക്ക് ചുവടുമാറിയ എം.എല്‍.എ.മാരിലൊരാളാണ്. ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി വിജയിച്ച ശേഷം മന്ത്രിയാകുകയായിരുന്നു.