സംവരണം വിധി 50 ശതമാനത്തില്‍ തുടരണോ?പുനഃപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി

March 8, 2021 0 By Editor

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി. നിലവിലുള്ള 50 ശതമാനം എന്ന പരിധിക്കു മേല്‍ സംവരണം അനുവദിക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് നല്‍കി. മാര്‍ച്ച്‌ പതിനഞ്ചിന് വിശദമായ വാദം കേട്ട ശേഷം വിപുലമായ ഭരണഘടന ബഞ്ച് രൂപീകരിക്കുന്നത് ആലോചിക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്ത സംവരണം പ്രഖ്യാപിച്ചെതിനെതിരേയുള്ള ഹര്‍ജിയിലാണ് ജസ്റ്റിസ്  അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായുള്ള ബഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിക്കൊണ്ട് 1992ലാണ്, ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.മറാത്ത സമുദായത്തിന് വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവയില്‍ 12-13 ശതമാനം സംവരണം നല്‍കുന്ന മഹാരാഷ്ട്രയിലെ നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയോ സര്‍ക്കാര്‍ സര്‍വീസിലെ സമുദായത്തിന്റെ പ്രാതിനിധ്യക്കുറവോ ചൂണ്ടിക്കാട്ടി 50 ശതമാനം എന്ന സംവരണ പരിധി ലംഘിക്കാനാവില്ലെന്നും അന്ന് സുപ്രീം കോടതി   ചൂണ്ടിക്കാട്ടിയിരുന്നു .