പ്രായമായവരെ അയോധ്യ രാമക്ഷേത്രത്തിലേക്ക്  സൗജന്യമായി ദര്‍ശനത്തിനയക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

പ്രായമായവരെ അയോധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യമായി ദര്‍ശനത്തിനയക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

March 11, 2021 0 By Editor

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഡല്‍ഹിയിലെ പ്രായമായവരെ സൗജന്യമായി ദര്‍ശനത്തിനയക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയില്‍ സംസാരിക്കവെയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന.’ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ് ഞാന്‍. രാമരാജ്യ ആശയങ്ങള്‍ തന്റെ ഭരണ രീതികളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സദ്ഭരണം മാത്രമായിരുന്നു. യാതൊരു അനിഷ്ട സംഭവങ്ങളും രാമരാജ്യത്തില്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് രാമരാജ്യമെന്ന ആശയത്തിന് സ്വീകാര്യത ലഭിക്കുന്നത്’എന്ന് കെജ്‌രിവാള്‍ പറഞ്ഞു. എല്ലാവര്‍ക്കും ഭക്ഷണം, ​ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വൈദ്യുതി, കുടിവെള്ളം, തൊഴില്‍, പാര്‍പ്പിടം, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നീ ആശയങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ രാമരാജ്യ സങ്കല്‍പ്പത്തില്‍ നിന്ന് ഉള്‍കൊണ്ടിരിക്കുന്നത്.ദാരിദ്ര്യം മൂലം ഡല്‍ഹിയില്‍ ഒരാള്‍ പോലും പ്രയാസപ്പെടാന്‍ പാടില്ല. സാമൂഹികനില പരിഗണിക്കാതെ ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം നല്‍കണം. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വേര്‍തിരിവുകളില്ലാതെ മികച്ച ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും ലഭിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.