പ്രമുഖ കഥകളികലാകാരനും നൃത്താദ്ധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

March 15, 2021 0 By Editor

കോഴിക്കോട്: കഥകളിയാചാര്യനും നൃത്താധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. പുലര്‍ച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം. കുറച്ചു നാളുകളായി വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിശ്രമജീവിതത്തിലായിരുന്നു.

കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.ഭരതനാട്യം, കേരള നടനം എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. 15 വയസുമുതല്‍ കഥകളി രംഗത്തുള്ള അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം, വയോജന ശ്രേഷ്ഠ പുരസ്‌കാരം. കലാമണ്ഡല പുരസ്‌കാരം, സംഗീതനാടക അക്കാഡമി ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. കഥകളിയിലെ തെക്ക്- വടക്ക് സമ്ബ്രദായങ്ങളെയും ഭരതനാട്യത്തിലെയും മറ്റും ചില ഘടകങ്ങളെയും സമന്വയിപ്പിച്ച്‌ തന്റേതായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.സംഗീത നൃത്ത നാടകങ്ങളിലൂടെ കലയെ ജനകീയമാക്കിയ കലാകാരന്‍ കൂടിയായിരുന്നു. കഥകളിയില്‍ ഇഷ്ടവേഷം കൃഷ്ണനായിരുന്നു. കുചേലന്‍ , പരശുരാമന്‍ എന്നീ വേഷങ്ങളിലും പ്രശംസ നേടി. 1983ലാണ് ചേലിയയില്‍ കഥകളിക്കായി നാട്യഗൃഹം തുടങ്ങിയത്.

മടന്‍കണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26ന് ജനിച്ച്‌ 15 വയസ്സില്‍ വാരിയംവീട്ടില്‍ നാടകസംഘത്തിന്റെ ‘വള്ളിത്തിരുമണം’ നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ചു.