രണ്ടില ജോസ് കെ മാണിക്ക് തന്നെ: ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

രണ്ടില ജോസ് കെ മാണിക്ക് തന്നെ: ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

March 15, 2021 0 By Editor

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തന്നെ അനുവദിച്ച് സുപ്രീംകോടതി ഉത്തരവ്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പി.ജെ.ജോസഫ് വിഭാഗമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പി.ജെ.ജോസഫ് വിഭാഗം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് ഉത്തരവിട്ടത്. ഇത് ഹൈക്കോടതിയും ശരി വയ്ക്കുകയായിരുന്നു. ജോസഫ് വിഭാഗം നേതാവ് പി.സി.കുര്യാക്കോസ് ആണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പിളര്‍ന്നതിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കിട്ടുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. ചെണ്ട ചിഹ്നത്തിലാണ് ജോസഫ് വിഭാഗം ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്.