രണ്ടു വൈറസുകള്‍ കോവിഡ് രോഗിയുടെ ശരീരത്തില്‍ സംയോജിച്ച് വൈറസിന്റെ പുതിയ വകഭേദം; മഹാരാഷ്ട്രയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തെ കുറിച്ച് തലപുകച്ച് ലോകരാഷ്ട്രങ്ങൾ
അതിവേഗം പടരുകയും വാക്സിനുകളെ നിഷ്പ്രഭമാക്കുകയും ചെയ്യുന്ന പുതിയ ഇനം ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നു. മഹാരാഷ്ട്രയില്‍ ഒരു രോഗിയിലാണ് ഈ പുതിയ വകഭേദത്തെ കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ പറഞ്ഞു.
രണ്ട് വ്യത്യസ്ത തരം കൊറോണാ വൈറസുകള്‍ സംയോജിച്ചുണ്ടായതാണ് ഈ ഇനമെന്നും അവര്‍ പറഞ്ഞു. വളരെ വിരളമായി മാത്രം നടക്കുന്ന ഒരു പ്രതിഭാസമാണ് ഒരു രോഗിയുടെ ശരീരത്തിനുള്ളില്‍ വച്ച് രണ്ട് വ്യത്യസ്ത തരം വൈറസുകള്‍ സംയോജിച്ച് മറ്റൊന്നുണ്ടാവുക എന്നത്. പ്രതിരോധശേഷിയെ വെല്ലുവിളിക്കുന്ന ഈ വകഭേദം അതിവേഗം പടര്‍ന്നു പിടിക്കുമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന ഈ പുതിയ തരംഗത്തിനു പിന്നില്‍ ഈ വകഭേദമല്ലെന്നും ഇവര്‍ പറയുന്നു. ഒരു തരംഗം സൃഷ്ടിക്കാവുന്നത്ര എണ്ണം വൈറസുകളൊന്നും ഈ പുതിയ വകഭേദത്തിലില്ല എന്നാണ് അനുമാനിക്കുന്നത്. ഇ 484 ക്യൂ, എല്‍ 452 ആര്‍ എന്നിങ്ങനെ രണ്ട് മ്യുട്ടേഷനുകളാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ വൈറസിലുള്ളത്. ഇവ രണ്ടും സംഭവിച്ചിരിക്കുന്നത് സ്പൈക്ക് പ്രോട്ടീനിലാണ്.
എന്നാല്‍, രണ്ട് വ്യത്യസ്ത ഇനം വൈറസുകള്‍ സംഗമിച്ചുണ്ടാകുന്നത് ഒരു റീകോമ്ബിനേഷന്‍ വൈറസാണെന്ന് പറയാനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അത് രണ്ടു മ്യുട്ടേഷനുകളിലൂടെ രൂപപ്പെട്ട ഒരു പുതിയ ഇനം വൈറസ് ആണെന്നാണ് അവര്‍ പറയുന്നത്. ഇതുപോലെ ഒന്നിലധികം മ്യുട്ടേഷനുകള്‍ ബ്രസീല്‍ ഇനത്തിലും ദക്ഷിണാഫ്രിക്കന്‍ ഇനത്തിലും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് രണ്ടു വ്യത്യസ്ത ഇനങ്ങള്‍ സംഗമിച്ചുണ്ടായതാണെന്ന് പറയാന്‍ കഴിയില്ല. ഇതുവരെ ഇത്തരത്തില്‍ രണ്ടു വ്യത്യസ്ത ഇനങ്ങള്‍ സംഗമിച്ചുണ്ടായ ഒരു ഇനത്തെ മാത്രമെ ഇതുവരെ കണ്ടെത്തിയിട്ടുള്ളു, അത് അമേരിക്കയിലായിരുന്നു. കെന്റ് ഇനവും കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ ഒരു ഇനവും സംഗമിച്ചാണ് ഇതുണ്ടായത്.
ഈ പുതിയ ഇനം അതിവ്യാപന ശേഷിയുള്ളതാണെന്നും പ്രഹരശേഷി കൂടുതലാണെന്നുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വാദത്തെയും ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു. ബ്രസീല്‍ ഇനത്തില്‍ കണ്ട ഇ 484 കെ എന്ന മ്യുട്ടേഷനെ അപേക്ഷിച്ച് അപകടം വളരെ കുറവുള്ള ഒന്നാണ് ഇ 484 ക്യു എന്ന മ്യുട്ടേഷന്‍ എന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ, ബ്രസീലിയന്‍-സൗത്ത് ആഫ്രിക്കന്‍ ഇനങ്ങളെ പോലെ വാക്സിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇതിനുണ്ടാവില്ലെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. അതേസമയം എല്‍ 452 ആര്‍ എന്ന മ്യുട്ടേഷനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്നും അവര്‍ പറഞ്ഞു. കൂടുതൽ ജനിതക പഠനങ്ങളും പരിശോധനകളും ഇക്കാര്യത്തിൽ ആവശ്യമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.