ശവസംസ്‌കാരം നടന്ന് മൂന്നുമാസം കഴിഞ്ഞപ്പോള്‍ 'പരേതന്‍' തിരികെയെത്തി

പന്തളം: അപകടത്തിൽ മരിച്ചെന്നുകരുതിയ ആൾ ശവസംസ്‌കാരച്ചടങ്ങും നടന്ന് മൂന്നുമാസം കഴിഞ്ഞപ്പോൾ തിരിച്ചെത്തി. കുടശ്ശനാട്, പൂഴിക്കാട് വിളയിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുമോന്റെ മകൻ സക്കായി എന്നു വിളിക്കുന്ന സാബു(35)വിനെയാണ് മൂന്ന് മാസത്തിനുശേഷം സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുവന്നത്. ഇതോടെ ഇദ്ദേഹത്തിന്റേതെന്നുകരുതി മൂന്നുമാസംമുമ്പ് സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്നു കണ്ടെത്താൻ പോലീസ് പണി തുടങ്ങി.

2020 നവംബറിൽ 46,000 രൂപ മോഷ്ടിച്ചെന്ന കേസിൽ സാബുവിനെ തിരുവനന്തപുരം പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോയി. പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. ഡിസംബർ 24-ന് പാലായ്ക്കടുത്ത് ഇടപ്പാടിയിൽ കാറിടിച്ച് ഒരാൾ മരിച്ചു. ഇദ്ദേഹത്തെ തിരിച്ചറിയാനായി പാലാ പോലീസ്, മറ്റ് സ്‌റ്റേഷനുകളിലേക്ക് ചിത്രംസഹിതം സന്ദേശം അയച്ചു. ഇത് സാബുവാണെന്ന് സംശയം തോന്നിയ തിരുവനന്തപുരം പോലീസ്, ഇയാളുടെ സഹോദരൻ സജിയുമായി ബന്ധപ്പെട്ടു ഡിസംബർ 26-ന് പാലായിലെത്തിയ സഹോദരൻ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു, പോസ്റ്റുമോർട്ടത്തിനുംശേഷം മൃതദേഹം 30-ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.

84 ദിവസത്തിനുശേഷം വെള്ളിയാഴ്ച രാവിലെയാണ് സാബു തിരിച്ചുവന്നത്. സാബു ക്ലീനറായി ജോലിനോക്കിയിരുന്ന ബസിലെ ഡ്രൈവർ മുരളീധരനാണ് ഇയാളെ കണ്ടെത്തിയത്. സുഹൃത്തുക്കളും സഹോദരൻ സജിയും ചേർന്ന് സാബുവിനെ പന്തളം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. നഗരസഭാ കൗൺസിലർ കെ.സീനയും സ്‌റ്റേഷനിലെത്തി സാബുവിനെ തിരിച്ചറിഞ്ഞു. മൃതദേഹത്തിന്റെ ആന്തരാവയവങ്ങളുടെ സാമ്പിൾ ഡി.എൻ.എ. പരിശോധനയ്ക്കായി മൂന്നുമാസംമുമ്പ് ശേഖരിച്ചിരുന്നു. ഇതുവെച്ച്, മരിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story