ജനപങ്കാളിത്തത്തില്‍ നിയന്ത്രണമില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ അനുമതി; നിയന്ത്രണമില്ലെങ്കിൽ കോവിഡ് മാനദണ്ഡങ്ങള്‍ എങ്ങനെ പാലിക്കാൻ സാധിക്കും ?
തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടും കൂടെ നടത്താന്‍ തൃശൂര്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൂരത്തില്‍ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ല. പൂരം എക്സിബിഷനും സംഘടിപ്പിക്കും. എക്സിബിഷനിലും സന്ദര്‍ശകര്‍ക്കു നിയന്ത്രണമുണ്ടാവില്ല. എക്സിബിഷന് പ്രതിദിനം 200 പേര്‍ക്ക് മാത്രം അനുമതി എന്ന നിയന്തണം നീക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥരും പൂരം സംഘാടക സമിതി അംഗങ്ങളും കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ഇത്തവണ പൂരം മുടങ്ങില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും അതേപടി നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാം വരവ് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അറിഞ്ഞിട്ടും,കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം എന്നിരിക്കെ പൂരത്തില്‍ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ല എന്നത് ആശങ്ക കൂട്ടുന്നു . പൂരം പതിവുപോലെ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട സിറോ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 38 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് വന്നുപോയത്. അതിനര്‍ഥം മൂന്നരക്കോടി ജനസംഖ്യയില്‍ വലിയൊരു ശതമാനം ഇനിയും രോഗബാധിരായേക്കാമെന്നും വാക്സിനേഷന്‍ ത്വരിതപ്പെടുത്തണമെന്നു കൂടിയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.