ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് ; വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2,74,46309 വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. സംസ്ഥാനത്താകെ 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 15000 ത്തോളം പോളിംഗ് ബൂത്തുകളാണ് അധികമായി ഒരുക്കിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍നിന്നായി വോട്ടിംഗ് മെഷിനും വിവിപാറ്റും അടങ്ങുന്ന കിറ്റ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി. സാനിറ്റൈസറിനും, മാസ്‌കിനും പുറമേ ഓരോ ബൂത്തിലും ഒരു പിപിഇ കിറ്റും നല്‍കിയിട്ടുണ്ട്. രാവിലെ 6 മണിക്ക് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷിന്റെ പ്രവര്‍ത്തനം ഉറപ്പാക്കും.

രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. കൊവിഡ് ബാധിതര്‍ക്കും, ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും 6 മുതല്‍ 7 വരെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒന്‍പതു മണ്ഡലങ്ങളില്‍ വൈകിട്ട് ആറുവരെ മാത്രമായിരിക്കും വോട്ടെടുപ്പ്. ക്രമസമാധാനപാലനത്തിനായി 59000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇരട്ട വോട്ട് തടയാന്‍ ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്

ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

വീട്ടില്‍ നിന്നിറങ്ങുന്നത് മുതല്‍ തിരികെയെത്തുന്നതു വരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

ഒരു കാരണവശാലും കുട്ടികളെ ഒപ്പം കൊണ്ട് പോകരുത്. രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കൈയ്യില്‍ കരുതുക. മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്.

ആറ് അടി സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. ഒരാള്‍ക്കും ഹസ്ത ദാനം നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.

പനി, തുമ്മല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ മാത്രം വോട്ട് ചെയ്യുവാന്‍ പോകുക. അവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്. ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.

നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.

അടച്ചിട്ട മുറികളില്‍ കോവിഡ് വ്യാപന സാധ്യത കൂടുതലാണ്. ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനൊപ്പം എല്ലാ തരത്തിലുള്ള കോവിഡ് മാനദണ്ഡങ്ങളും നിര്‍ബന്ധമായും പാലിക്കുക.

വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച്‌ പോകുക. ഒരു കാരണവശാലും ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കരുത്വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ വൃത്തിയായി കഴുകണം

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story