കോവിഡ്: കോഴിക്കോട് ജില്ലയില്‍ രണ്ടാഴ്ചത്തേയ്ക്ക് യോഗങ്ങള്‍ക്ക് വിലക്ക്, പൊതു സ്ഥലങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും പ്രവേശനമില്ല

April 10, 2021 0 By Editor

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അടുത്ത രണ്ടാഴ്ച ജില്ലയിലില്‍ എല്ലാതരം പൊതുയോഗങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. വിവാഹ- മരണ ചടങ്ങുകളിലും നൂറിലധികം ആളുകള്‍ പങ്കെടുക്കുന്നതിനും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.

കോഴിക്കോട് ബീച്ച്‌, മിഠായിത്തെരുവ് അടക്കം പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് അറുപത് വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല.പൊതുസ്ഥലങ്ങളിലേക്ക് വരുന്നവര്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട്ടും എറണാകുളത്തുമാണ്.