മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചപ്പോള്‍ നാവ് ക്വാറന്റെെനില്‍ ആയിരുന്നോ? പൂരത്തെ എതി‌ര്‍ത്ത അശീല്‍ മുഹമ്മദിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതടക്കമുളള വിവാദങ്ങളില്‍ മൗനം പാലിച്ച സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അശീല്‍ മുഹമ്മദിനെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രോട്ടോക്കോള്‍ ലംഘിച്ചപ്പോള്‍ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് ' ക്വാറന്റെെനില്‍' ആയതു കൊണ്ടാണോ?. മനുഷ്യ ജീവനുകളേക്കാള്‍ വലുതല്ല മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് താരനിശ എന്നു പറയുവാന്‍ ഉറപ്പില്ലാതെ പോയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍പൂരം മാറ്റിവയ്ക്കണമെന്ന അശീലിന്റെ നിലപാടിനെ രാഹുല്‍ അഭിനന്ദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ അശീൽ,

കോവിഡ് പ്രതിരോധത്തെ പറ്റിയുള്ള താങ്കളുടെ ആശങ്കകൾ കലർന്ന തൃശൂർ പൂരം പോസ്റ്റ് അഭിനന്ദനീയമാണ്.

എന്നാൽ എൻ്റെ മനസിൽ തോന്നിയ മറ്റ് ചില സംശയങ്ങൾ പങ്ക് വെക്കുവാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മുഖ്യമന്ത്രി രോഗലക്ഷണം മറച്ച് വെച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് " ക്വാറൻ്റൈനിൽ" ആയതു കൊണ്ടാണോ?

മനുഷ്യ ജീവനുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ "തെരഞ്ഞെടുപ്പ് താരനിശ " എന്ന് 'ഉറപ്പിച്ച് ' പറയുവാൻ താങ്കൾക്ക് 'ഉറപ്പില്ലാതെ ' പോയത് എന്തുകൊണ്ടാണ്?

"പ്രത്യേക കോവിഡ് വിമാനമെന്ന" ആശയം മുന്നോട്ട് വെച്ച് പ്രവാസികളുടെ മടങ്ങി വരവ് മുടക്കുവാൻ ശ്രമിച്ച താങ്കൾക്ക്, കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ കോവിഡ് നെഗറ്റീവായ മുഖ്യമന്ത്രിക്കും, ഡ്രൈവർക്കും, ഗൺമാനുമൊപ്പം പോകാതിരിക്കുവാൻ, മിനിമം 'പ്രത്യേക കോവിഡ് ഇന്നോവ' എന്ന ആശയം മുന്നോട്ട് വെക്കുവാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?

മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോൾ വീഴ്ച്ചകൾ ചൂണ്ടി കാണിക്കാതിരിക്കുവാൻ താങ്കളുടെ പേര് തടസ്സമായയെങ്കിൽ, ഡോ. അശീൽ അത് ഡോ അശ്ലീലമായി...

കേരളം കോവിഡ് വ്യാപനത്തിൻ്റെ പിടിയിൽ അകപ്പെട്ടപ്പോഴും, മുഖ്യമന്ത്രി നടത്തിയ ഗൗരവമേറിയ പ്രോട്ടോക്കോൾ ലംഘനങ്ങൾ കാണാതെ വാഴ്ത്തിപ്പാട്ട് മാത്രം നടത്തുന്ന നിങ്ങളെ പോലെയുള്ളവർ കേരളത്തിൻ്റെ പൊതുജന ആരോഗ്യ മേഖലയുടെ ചുക്കാൻ പിടിക്കുന്ന അനാരോഗ്യമാണ് എന്ന്
പറയാതിരുന്നാൽ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ് 🙏

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story