3 മാസത്തേക്ക് മെഡിക്കല്‍ ഓക്‌സിജനും കോവിഡ് വാക്‌സിനുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്നുമാസത്തേക്കാണ് ഇവയ്ക്ക് കസ്റ്റംസ് തീരുവയും സെസ്സും ഒഴിവാക്കുക. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും.
കോവിഡ് മൂലം നിരവധി ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് അധികൃതര്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
അതെ സമയം രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്‌സിനുകള്‍ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസത്തേക്കാണ് ഇവയ്ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു .ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.