പാചകവാതക സിലിന്‍ഡര്‍ ഏത് ഏജന്‍സിയില്‍ നിന്നും വാങ്ങാനുള്ള സൗകര്യം വരുന്നു; ബുക്കിങ് ചട്ടത്തില്‍ മാറ്റം വരും
EVENING KERALA NEWS | ഉപഭോക്താക്കള്‍ക്ക് ഇനി ഏത് ഏജന്‍സിയില്‍നിന്നും പാചകവാതകം വാങ്ങാന്‍ സൗകര്യം വരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍.), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍.) എന്നീ മൂന്നു കമ്പനികളുംചേര്‍ന്ന് ഇതിനായി ഒരു പ്രത്യേക പ്ലാറ്റ്‌ഫോം രൂപവത്കരിക്കും. പാചകവാതകത്തിന് സ്വന്തം ഏജന്‍സിയെമാത്രം ആശ്രയിക്കാതെ, മറ്റേതെങ്കിലും ഏജന്‍സി സമീപത്തുണ്ടെങ്കില്‍ അവിടെനിന്നു സിലിന്‍ഡര്‍ വാങ്ങാന്‍ സൗകര്യമുണ്ടാകണമെന്ന കാഴ്ചപ്പാടിലാണിത്. ഇതിനായി ബുക്കിങ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയേക്കും. പാചകവാതകം 'ബുക്ക്' ചെയ്യുന്നതിനുള്ള മുഴുവന്‍ പ്രക്രിയയും വേഗത്തിലാക്കുന്ന കാര്യം സര്‍ക്കാരും എണ്ണക്കമ്പനികളും പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിങ് നിയമങ്ങള്‍ മാറ്റാന്‍ നടപടിയെടുക്കുന്നത്. പാചകവാതക ബുക്കിങ് ചട്ടത്തില്‍ മാറ്റംവരുത്താനുള്ള പ്രാരംഭനടപടികള്‍ പെട്രോളിയം മന്ത്രാലയം തുടങ്ങിയെന്ന് ഐ.ഒ.സി. വൃത്തങ്ങള്‍ വ്യക്തമാക്കി.