'ഇന്ത്യയിൽ ലോക്ഡൗൺ അനിവാര്യം'
വാഷിങ്ടൻ: കോവിഡ് ഗുരുതരമായി വർധിക്കുന്ന ഇന്ത്യയിൽ ലോക്ഡൗൺ അനിവാര്യമാണെന്ന അഭിപ്രായവുമായി യുഎസ് വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ ഓഫിസർ ആന്തണി ഫൗച്ചി. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു കുറച്ച് ആഴ്ചകളെങ്കിലും രാജ്യം പൂർണമായി അടച്ചിടണമെന്ന് അഭിപ്രായപ്പെട്ടത്. കോവിഡ് രണ്ടാം വ്യാപനം അപകടകരമായി തുടരുന്ന സ്ഥിതിക്കു താൽക്കാലിക പ്രതിവിധി ലോക്ഡൗൺ ആണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുരന്തസേനയെ തയാറാക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ചെയ്യണം.
കോവിഡിനെതിരായ പോരാട്ടത്തിൽ വളരെ തിടുക്കത്തിലാണു വിജയിച്ചതായി പ്രഖ്യാപിച്ചതെന്നും അത് അനുചിതമായെന്നും ഏതെങ്കിലും സർക്കാരിന്റെ പേരു പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. ‘രാജ്യം താൽക്കാലികമായെങ്കിലും അടച്ചിടണം. രോഗവ്യാപനം കടുത്തപ്പോൾ ചൈന ചെയ്‍തതുപോലെ ആറു മാസത്തേക്ക് അടച്ചിടേണ്ട ആവശ്യമുണ്ട് എന്നല്ല പറയുന്നത്. കോവിഡ് വ്യാപനം കുറയുന്ന വരെയെങ്കിലും രാജ്യം അടച്ചിടുന്നതാണു കേസുകൾ കുറയാൻ നല്ലത്. രോഗീപരിചരണത്തിന് ആവശ്യമായ കാര്യങ്ങൾ വർധിപ്പിക്കുകയും വേണം’– അദ്ദേഹം കൂട്ടിച്ചേർത്തു.