വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കോ !  8 സിംഹങ്ങള്‍ക്ക്  കോവിഡ്: മൃഗങ്ങളില്‍ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ ആദ്യം

വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കോ ! 8 സിംഹങ്ങള്‍ക്ക് കോവിഡ്: മൃഗങ്ങളില്‍ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ ആദ്യം

May 4, 2021 0 By Editor

ഹൈദരബാദ്:രാജ്യത്ത് ആദ്യമായി മൃഗങ്ങളില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. ഹൈദരബാദിലെ നെഹ്‌റു സുവോളജിക്കൽ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കോവിഡ് പോസിറ്റീവായത്. ആര്‍ ടി പി സി ആര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കൂടുതല്‍ വിശദമായ സാംപിള്‍ പരിശോധനയില്‍ സിംഹങ്ങളിലുള്ള കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് വന്നതാണോയെന്ന് വ്യക്തമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്റര്‍ ഫോര്‍ സെലുലാര്‍ ആന്‍ഡ് മോളികുലാര്‍ ബയോളജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.മുന്‍കരുതലുകള്‍ സ്വീകരിക്കാനും മരുന്നുകള്‍ നല്‍കാനും വിദഗ്ധര്‍ ഇതിനോടകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം ശ്വാസകോശത്തിനെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാന്‍ സിംഹങ്ങളെ സി ടി സ്‌കാനിന് വിധേയമാക്കും. എന്നാല്‍ മൃഗങ്ങള്‍ക്ക് കോവിഡ് ബാധ സംബന്ധിച്ച്‌ മൃഗശാല ഡയറക്ടറും ക്യുറേറ്ററും ഇതുവരെ പ്രതികരിച്ചിട്ടില്ല.

380 ഏക്കര്‍ വിസ്താരമുള്ള സുവോളജികല്‍ പാര്‍കില്‍ 1500 മൃഗങ്ങളാണ് ഉള്ളത്. കോവിഡ് രോഗബാധിതരായ സിംഹങ്ങളില്‍ ചെറിയ ലക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.
നാല് ആണ്‍സിംഹങ്ങളും നാല് പെണ്‍ സിംഹങ്ങളുമാണ് രോഗബാധിതരായിട്ടുള്ളത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്‌റു സുവോളജിക്കൽ പാര്‍ക്. കോവിഡ് ബാധ വ്യാപകമായതിന് പിന്നാലെ പാര്‍ക്കിൽല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ മൃഗശാല ജീവനക്കാര്‍ കോവിഡ് പോസിറ്റീവായിരുന്നു.