കോവിഡ് രണ്ടാം തരംഗത്തിലും പിടിച്ചുനിൽക്കാനാകാതെ കട്ടപ്പുറത്തായി സ്വകാര്യ ബസ് വ്യവസായം

കോവിഡ് രണ്ടാം തരംഗത്തിലും പിടിച്ചുനിൽക്കാനാകാതെ കട്ടപ്പുറത്തായി സ്വകാര്യ ബസ് വ്യവസായം

May 6, 2021 0 By Editor

EVENING KERALA NEWS | കോവിഡ് രണ്ടാം തരംഗത്തിലും പിടിച്ചുനിൽക്കാനാകാതെ കട്ടപ്പുറത്തായിരിക്കുകയാണ് ജില്ലയിലെ സ്വകാര്യ ബസ് വ്യവസായം.  പല പ്രദേശങ്ങളും കൺടെയ്ൻമെന്റ് സോണുകളാക്കിയതോടെ ബസ് സർവീസുകൾ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. മറ്റിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ യാത്രക്കാരുടെ എണ്ണവും നാമമാത്രമായി. നിലവിലെ സാഹചര്യത്തിൽ ബസുകൾക്ക് ലഭിക്കുന്ന വരുമാനം സർവീസ് നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവിനുപോലും തികയാത്ത സ്ഥിതിയാണ്. പൊതുവേ നഷ്ടത്തിലോടുന്ന സ്വകാര്യ ബസ് മേഖലയെ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടും.

വലിയൊരു ശതമാനം ബസുകൾ കഴിഞ്ഞ വർഷത്തെ ലോക്ഡൗണിലുണ്ടായ പ്രതിസന്ധിയെത്തുടർന്ന് നിരത്തുകളിൽനിന്നും പൂർണമായി പിൻവാങ്ങിയിരുന്നു. ചെറിയ ശതമാനം ബസുകൾ മാത്രമാണ് സാധാരണ രീതിയിൽ സർവീസ് പുനഃരാരംഭിച്ചത്. കോവിഡിന്റെ ആദ്യ വരവിൽനിന്ന് ഒരുവിധത്തിൽ കരകയറിവരുന്ന സമയത്താണ് ഇപ്പോഴത്തെ ഇപ്പോഴത്തെ പ്രതിസന്ധി. ഏപ്രിൽ രണ്ടാംവാരം മുതലാണ് സ്ഥിതി വളരെ മോശമായിത്തുടങ്ങിയത്. സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും വർക്ക് അറ്റ് ഹോം പുനരാരംഭിക്കുകയും മറ്റു നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ യാത്രക്കാർ തീരെ കുറഞ്ഞു. ഡീസലിനുള്ള പണം പോലും കിട്ടാത്ത സർവീസുകളുണ്ട്. ഇതിനിടെയുണ്ടായ ഡീസലിന്റെ വിലക്കയറ്റം ഇരട്ടിപ്രഹരമായി.ഇതേ സ്ഥിതി തുടർന്നാൽ നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന മറ്റു ബസുകളും കട്ടപ്പുറത്ത് കയറ്റിയിടേണ്ടിവരുമെന്നാണ് ഈ വ്യവസായവുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവർ ഈവനിംഗ് കേരള ന്യൂസിനോട് പ്രതികരിച്ചത്.